സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ; ഇന്ന് 40 അക്കൗണ്ടുകളിൽ 106 കോടി, സ്വത്തുക്കൾ വേറെയും

Published : Jul 09, 2025, 08:08 PM IST
Chhangur Baba

Synopsis

മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയുടെ സാമ്പത്തിക സാമ്രാജ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 

ലഖ്‌നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയുടെ സാമ്പത്തിക സാമ്രാജ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഇയാൾക്ക് നിലവിൽ 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ സമ്പാദ്യവും, കോടികളുടെ മറ്റ് സ്വത്തുക്കളും ഉണ്ടെന്ന് കണ്ടെത്തൽ. ഈ പണമെല്ലാം പ്രധാനമായും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട്, ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ഛാങ്കുർ ബാബയെയും ഇയാളുടെ അടുത്ത സഹായിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ജമാലുദ്ദീനെതിരായ അന്വേഷണം ശക്തമാക്കവെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവരുന്നത്. പാവപ്പെട്ടവരും, നിസ്സഹായരുമായ തൊഴിലാളികളെയും, ദുർബല വിഭാഗങ്ങളെയും, വിധവകളെയും സാമ്പത്തിക സഹായങ്ങളും വിവാഹ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നും യുപി ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ച് വരികയാണ്. സംഘത്തിനെതിരെ കേസെടുത്ത യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും കേസ് അന്വേഷിക്കുന്നുണ്ട്. ബൽറാംപൂരിൽ ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെക്കുറിച്ചും പ്രാദേശിക അന്വേഷണം നടക്കുകയാണ്.

ഈ മൂന്ന് ഏജൻസികൾക്ക് പുറമെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഛാങ്കുർ ബാബ എന്ന പീർ ബാബയുടെ വരുമാനം കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജമാലുദ്ദീൻ്റെ വരുമാനത്തിലുണ്ടായ പെട്ടെന്നുള്ള വർധനവാണ് ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇഡി യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിന് ആധാരം. ആരാണ് ഈ പണം അയച്ചതെന്നും എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിച്ചതെന്നും ഏജൻസി അന്വേഷിക്കുന്നുണ്ട്.

സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ പിന്നീട് ഗ്രാമത്തലവനായി. ഉത്തർപ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്നുള്ള ഛാങ്കുർ ബാബയുടെ സാമ്രാജ്യം നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ബൽറാംപൂർ ജില്ലയിലെ ഉത്തർവല്ല മേഖലയിലാണ്. തന്റെ ഇപ്പോഴത്തെ സഹായിയായ നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള മധ്പൂരിലെ ഒരു ദർഗയ്ക്ക് സമീപം ഇയാൾ ഒരു കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറി. എന്നാൽ കേസിന് പിന്നാലെ നടന്ന സർക്കാർ അന്വേഷണത്തിൽ ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. അധികാരികൾ സർക്കാർ ഭൂമിയിലെ നിയമവിരുദ്ധ നിർമ്മാണം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു.

ബൽറാംപൂരിലെ കെട്ടിടത്തിന് പുറമെ, ഛാങ്കുർ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും സ്വത്തുക്കളുണ്ടായിരുന്നു. ഇതിലൊന്ന് മഹാരാഷ്ട്രയിലെ ലോണാവാലയിലാണ്. ഇത് 2023 ഓഗസ്റ്റ് 2-ന് ഛാങ്കുർ ബാബയുടെയും അടുത്തിടെ അറസ്റ്റിലായ നവീൻ്റെയും പേരിൽ വാങ്ങിയതാണ്. രേഖകൾ പ്രകാരം ഈ ഭൂമിയുടെ വില 16.49 കോടി രൂപയാണ്. മുഹമ്മദ് അഹമ്മദ് ഖാൻ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. അഹമ്മദ് ഖാനും ഇപ്പോൾ അന്വേഷണത്തിലാണ്, ഇയാൾ ഛാങ്കുർ ബാബയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ അഹമ്മദ് ഖാൻ തന്നെയാണോ ജമാലുദ്ദീന് ഭൂമി വിറ്റ വ്യക്തി എന്നും ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.

ഛാങ്കുറിനെ അനധികൃത പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്ന സർക്കാർ സംവിധാനത്തിലെ ഏജൻ്റുമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇയാൾ എത്ര പേരെ മതപരിവർത്തനം ചെയ്തു, ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. 

പ്രതിയായ ജമാലുദ്ദീൻ്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാത്രമല്ല, രാജ്യത്തിനും എതിരാണെന്ന് പ്രാരംഭ അന്വേഷണത്തിൽ തെളിഞ്ഞുവെന്നാണ്. സംസ്ഥാനത്ത് ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, പ്രതികളുടെയും സംഘവുമായി ബന്ധപ്പെട്ട മറ്റ് കുറ്റവാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'