
ചെന്നൈ: ടെലിവിഷൻ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ (Narendra Modi) വിമർശിച്ച് സ്കിറ്റ് അവതരിപ്പിച്ച കുട്ടികളെ ഓഫീസിൽ വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (M K Stalin). ഒരു തമിഴ് ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിൽ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് വലിയ വിവാദമായിരുന്നു. നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ, വസ്ത്രധാരണം എന്നിവയെ വിമർശിക്കുന്നതായിരുന്നു. രാജാവും വിദൂഷകനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് സ്കിറ്റ് പുരോഗമിക്കുന്നത്. ഇതേ സ്കിറ്റ് കുട്ടികൾ മുഖ്യമന്ത്രിയുടെ മുന്നിലും അവതരിപ്പിച്ചു.
സ്കിറ്റ് ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ ചാനലിന് നേരെ ബിജെപി ആക്രമണം ആരംഭിച്ചിരുന്നു. ചാനൽ മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നു. റിയാലിറ്റി ഷോ ഡയറക്ടറെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറയാനോ റിയാലിറ്റി ഷോ ഡയറക്ടറെ പുറത്താക്കാനോ ചാനൽ തയ്യാറാവാതിരുന്നതോടെ തമിഴ്‌നാട് ബിജെപി ഐടി സെൽ പ്രസിഡന്റ് സി ടി ആർ നിർമൽ കുമാർ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകി. ഇതിന് പിന്നാലെ മന്ത്രാലയം ചാനലിന് നോട്ടീസ് നൽകി.
എട്ട് കുട്ടികൾ ചേർന്നാണ് ഈ സ്കിറ്റ് അവതരിപ്പിച്ചത്. ഈ എട്ട് കുട്ടികളും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. ജനുവരി 18നു നോട്ടീസ് നല്‍കിയ മന്ത്രാലയം ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വെബ് സൈറ്റില്‍ നിന്നും വിവാദ ഭാഗം ഒഴിവാക്കാമെന്ന് ചാനൽ സമ്മതിച്ചതോടെ മന്ത്രാലയം നടപടി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam