
ദില്ലി: ഈ മാസം അവസാനം ചൈന സന്ദർശിക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ ടിയാൻജിൻ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നതെന്നതിനൊപ്പം അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെയാണ് സന്ദർശനമെന്നതും പ്രധാനമാണ്. അതിനിടെ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റിന്റെ നടപടിയെ എതിർക്കുന്നതായി വ്യക്തമാക്കിയ ചൈന, അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
ടിയാൻജിൻ സമ്മിറ്റിൽ സൗഹൃദം ശക്തിപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുഒ ജിയാകുൻ പ്രതികരിച്ചു. ഓഗസ്റ്റ് 31 മുതൽ സെപ്തംബർ ഒന്ന് വരെയാണ് ചൈനയിൽ എസ്‌സിഒ സമ്മിറ്റ് നടക്കുന്നത്. 20 രാജ്യങ്ങളാണ് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ അംഗങ്ങൾ. ഇവിടങ്ങളിൽ നിന്നെല്ലാമുള്ള ഭരണാധികാരികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിന് പുറമെ പത്ത് അന്താരാഷ്ട്ര ഓർഗസൈനേഷനുകളുടെ പ്രതിനിധികളും സമ്മിറ്റിൽ പഹ്കെടുക്കുമെന്ന് ഗുഒ അറിയിച്ചു. ഷാങ്‌ഹായി സമ്മിറ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമാണ് ചൈന ഇക്കുറി ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 29 ന് ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇവിടെ നിന്നാവും ചൈനീസ് നഗരമായ ടിയാൻജിനിലേക്ക് പോവുക. സെപ്തംബർ ഒന്ന് വരെ അദ്ദേഹം ചൈനയിൽ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ഈ സന്ദർശനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് മോശമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയായാണ് ഇരു രാജ്യങ്ങളും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ കാണുന്നത്. 2018 ജൂണിലാണ് ഇതിന് മുൻപ് പ്രധാനമന്ത്രി ചൈന സന്ദർശിച്ചത്. അന്നും എസ്‌സിഒ സമ്മിറ്റ് തന്നെയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെ തൊട്ടടുത്ത വർഷം ഒക്ടോബറിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam