
ദില്ലി: സമാജ്‌വാദി പാർട്ടി (എസ്‌പി) എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവിനെതിരെ മതപുരോഹിതൻ മൗലാന സാജിദ് റാഷിദി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വ്യാപക പ്രതിഷേധം. ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയാണ് തല മറയ്ക്കാതെ പള്ളിയിൽ പ്രവേശിച്ച ഡിംപിളിനെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ (എഐഐഎ) പ്രസിഡന്റ് റാഷിദി വിമർശിച്ചത്. ദില്ലിയിലെ പള്ളിയിലാണ് അഖിലേഷിനൊപ്പം ഡിംപിൾ യോഗത്തിൽ പങ്കെടുക്കാനെത്തിയത്. സാരി ധരിച്ചെത്തിയ ഡിംപിൾ യാദവ് തലമറച്ചിട്ടില്ലെന്നും പിൻഭാഗം വസ്ത്രങ്ങളില്ലാതെ നഗ്നമാണെന്നും റാഷിദി ചർച്ചയിൽ പറഞ്ഞു. യോഗത്തിലുണ്ടായിരുന്ന മറ്റൊരു എംപിയായ ഇക്ര ഹസൻ തല മറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റാഷിദിയുടെ പരാമർശം യാദവിനെതിരായ ആക്രമണം മാത്രമല്ല, എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്നാരോപിച്ച് സമാജ്‌വാദി നേതാവ് പ്രവേഷ് യാദവ് പൊലീസിൽ പരാതി നൽകി. സ്ത്രീയുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിലെ എല്ലാ സ്ത്രീകളെയും ഇത്തരമൊരു പരാമർശം ബാധിക്കുന്നു. ഒരു ടിവി ചാനൽ പോലുള്ള പൊതുവേദിയിൽ നിന്ന് നടത്തുന്ന ഇത്തരം അസഭ്യവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ സാമൂഹിക ഐക്യത്തെ തകർക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.
യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 79 (സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ), 196 (വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 299 (മതവികാരങ്ങളെ വ്രണപ്പെടുത്തൽ), 352 (മനപ്പൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം റാഷിദിക്കെതിരെ പൊലീസ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, അഖിലേഷും ഡിംപിളും വിഷയത്തിൽ പ്രതികരിച്ചില്ല. അതേസമയം, നിരവധി ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് റാഷിദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. വനിതാ എംപിയെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്നും ബിജെപി എംപിമാർ പറഞ്ഞു.