Asianet News MalayalamAsianet News Malayalam

തീസ്ത സെതല്‍വാദിനെതിരായ കേസ്; അന്വേഷണ നേതൃത്വം മലയാളി ഉദ്യോഗസ്ഥന്

തീസ്ത സെതൽവാദ് അടക്കമുള്ളവർക്കെതിരായ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രന്‍റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. 
 

case against teesta setalvad investigation led by keralite ips officer deepan bhadran
Author
Mumbai, First Published Jun 26, 2022, 6:46 PM IST

മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദ്   അടക്കമുള്ളവർക്കെതിരായ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. ഗുജറാത്ത് എടിഎസ് ഡിഐജി ദീപൻ ഭദ്രന്‍റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. 

തീവ്രവാദ വിരുധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അതേസമയം പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദ്ദനമേറ്റെന്ന് തീസ്ത മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു. 

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസാണ് തീവ്രവാദ വിരുധ സേനയ്ക്ക് കൈമാറുന്നത്. 

രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തീസ്ത കസ്റ്റഡി മർദ്ദനം ഉണ്ടായെന്ന് ആരോപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അപമര്യാദയായി പെരുമാറുകയും വാറന്‍റ് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നെന്നും മുംബൈ പൊലീസിൽ ഇന്നലെ പരാതി നൽകിയിട്ടുമുണ്ട്. 

Read Also: കസ്റ്റഡിയിൽ പരിക്കേറ്റെന്ന് ടീസ്റ്റ സെതൽവാദ് ; വൈദ്യ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

എന്നാൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഇന്നലെ അറസ്റ്റിലായ മലയാളിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പ്രതി ചേർത്ത മുൻ ഡിഐജി സഞ്ജീവ് ഭട്ടിനെയും അഹമ്മദാബാദിലേക്ക് എത്തിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കസ്റ്റഡി മരണക്കേസിൽ ജയിലിലാണ് ഭട്ട്. 

അതേസമയം  മനുഷ്യാവകാശ പ്രവർത്തനം കുറ്റകൃത്യമല്ലെന്ന് ഇന്ത്യയിലെ യുഎൻ റിപ്പോർട്ടർ മേരി ലോവർ പ്രതികരിച്ചു. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങളുന്നയിച്ചവർക്കെതിരെ ഉചിതമായ നടപടിയാവാമെന്ന സുപ്രീംകോടതി നിരീക്ഷണത്തെതുടർന്നാണ് ഇപ്പോഴത്തെ പൊലീസ് നടപടി. എന്നാൽ കോടതി നിരീക്ഷണത്തെ രാഷ്ട്രീയ താത്പര്യങ്ങൾക്കുപയോഗിക്കരുതെന്ന് അഭിഭാഷനും കോൺഗ്രസ് നേതാവുമായി മനു അഭിഷേക് സിംഗ്വി പറഞ്ഞു.സോണിയാ ഗാന്ധിയാണ് ടീസ്തയ്ക്ക് പിന്നിലെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം വിമർശിച്ചു. സിപിഎമ്മും അറസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.

Read Also: ആർബി ശ്രീകുമാറിന്റെ അറസ്റ്റ്: ഐഎസ്ആർഒ കേസിലെ മുൻകൂർ ജാമ്യം റദ്ദാകാൻ സാധ്യത

Follow Us:
Download App:
  • android
  • ios