
ബംഗളൂരു: ബസ് ടിക്കറ്റ് എടുക്കാൻ കൃത്യമായ ചില്ലറ നൽകാത്തതിന്‍റെ പേരിൽ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട ഡ്രൈവർ കം കണ്ടക്ടറെ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സസ്‌പെൻഡ് ചെയ്തു. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായ രാമകൃഷ്ണ ടി ജിക്കെതിരെയാണ് കോർപ്പറേഷൻ അടിയന്തര അച്ചടക്ക നടപടിയെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ഹെബ്ബാൾ ബസ് സ്റ്റാൻഡിൽ നിന്ന് സാധാരണ യാത്രക്കാരനായി മന്ത്രി ബസിൽ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
ഭൂപസാന്ദ്രയിലേക്കുള്ള രണ്ട് ടിക്കറ്റുകൾക്കായി മന്ത്രി കണ്ടക്ടർക്ക് നൂറു രൂപയുടെ നോട്ട് നൽകുകയും തന്‍റെ കൈവശം ചില്ലറയില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ 12 രൂപയുടെ കൃത്യമായ ചില്ലറ നൽകുകയോ അല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയോ ചെയ്യണമെന്നായിരുന്നു രാമകൃഷ്ണന്‍റെ മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൺഡക്ടർ യാത്രക്കാരോട് അങ്ങേയറ്റം മോശമായും അനാദരവോടെയുമാണ് പെരുമാറിയതെന്ന് കണ്ടെത്തി. ബിഎംടിസി ബസുകളിൽ 2024 മുതൽ യുപിഐ വഴിയുള്ള ടിക്കറ്റ് പേയ്മെന്‍റ് സംവിധാനം നിലവിലുണ്ടായിട്ടും, യാത്രക്കാരനായ മന്ത്രിയോട് ഡിജിറ്റൽ പണമിടപാട് സൗകര്യത്തെക്കുറിച്ച് പറയാൻ കണ്ടക്ടർ തയ്യാറാകാതിരുന്നതിനെ കോർപ്പറേഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ബിഎംടിസിയുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും യുപിഐ വഴിയാണ് ലഭിക്കുന്നത്.
ബസ് ജീവനക്കാരുടെ പെരുമാറ്റവും റോഡ് സർവീസുകളും നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ ശനിയാഴ്ച മന്ത്രി ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ രണ്ട് മണിക്കൂറോളമാണ് രഹസ്യമായി മിന്നൽ പരിശോധന നടത്തിയത്. ജയമഹൽ റോഡിലെ ഫൺ വേൾഡിന് സമീപം യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോയ മറ്റൊരു ബിഎംടിസി ബസിലെ ജീവനക്കാരെയും മന്ത്രി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ സ്ഥലത്ത് നിലവിൽ ബസ് സ്റ്റോപ്പ് ഇല്ലെന്ന് വ്യക്തമായി. ഇതിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ ഫൺ വേൾഡിന് സമീപം ബിഎംടിസി പുതിയ ബസ് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam