
അഹമ്മദാബാദ്: ദസറ ദിനത്തിൽ ബിജെപി സർക്കാറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യം മുഴുവൻ രാവണന്റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോൾ ഗുജറാത്തിലെ ഭുജിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയുടെ കോലം കത്തിച്ചാണ് കോൺഗ്രസ് ജില്ലാകമ്മിറ്റി ദസറ ആഘോഷിച്ചത്. ഭുജിലെ ഹമീർസാറിലാണ് ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചത്. ഇഡി, സിബിഐ, എന്നിവയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബിജെപി സർക്കാറിനെതിരെ രൂക്ഷവിമർശനമുയർത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ ഇഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയിരുന്നു. യങ് ഇന്ത്യൻ ഓഫീസ് ഇ ഡി സംഘം മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ കോൺഗ്രസിന്റെ നേതൃത്വത്തിൽ എം പിമാർ ശക്തമായ പ്രതിഷേധവും ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നുമായിരുന്നു ഈ പ്രതിഷേധങ്ങൾക്ക് ശേഷം പാർലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
ഇതിനിടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് സംഘം വിളിച്ച് വരുത്തിയത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ രാജ്യസഭയിൽ വാക്പോരിന് കാരണമായി. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ന്യായീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam