
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷക വായ്‌പകൾ ഇളവ് ചെയ്‌തതിന്റെ രേഖകളുമായി മുൻ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നേതാവിന്റെ യാത്ര. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സംസ്ഥാനത്തെ 21 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്തതിന്റെ രേഖകളാണ് കെട്ടുകളാക്കി വീട്ടുപടിക്കൽ എത്തിച്ചത്.
കർഷക വായ്പകൾ എഴുതി തള്ളിയെന്ന കോൺഗ്രസിന്റെ വാദം നുണയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവ്‌രാജ് സിങ് ചൗഹാൻ വിമർശിച്ചത്. രേഖകൾ വീട്ടുപടിക്കൽ എത്തിച്ചിട്ടും തന്റെ മുൻ നിലപാടിൽ നിന്ന് ശിവ്‌രാജ് സിങ് ചൗഹാൻ മാറിയില്ല.
മന്ത്രി പിസി ശർമ്മയടക്കമുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷ് പാച്ചോരി ശിവ്‌രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. തങ്ങൾ കൊണ്ടുവന്ന കാർഡ്ബോർഡ് പെട്ടികൾ വീട്ടുപടിക്കൽ വച്ച് ശിവ്‌രാജ് സിങ് ചൗഹാനെതിരെ അതിരൂക്ഷ വിമർശനം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുകയും ചെയ്തു.
നേതാക്കൾ മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശിവ്‌രാജ് സിങ് ചൗഹാൻ, ഈ കെട്ടുകണക്കിന് നുണകളാണ് ഇവയെന്ന് തിരിച്ചടിച്ചു. കോൺഗ്രസ് സർക്കാർ 48000 കോടി കർഷകർക്ക് നൽകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ 13000 കോടി മാത്രമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ കർഷക വായ്പകൾ എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വായ്പാ ഇളവ് ചെയ്യുന്ന നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നപ്പോഴാണ് തടസ്സപ്പെട്ടതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam