
മുംബൈ: മഹാരാഷ്ട്രയിലെ 246 നഗരസഭകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് ഉജ്ജ്വല വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന ഭരണസഖ്യം ബഹുദൂരം മുന്നിലാണ്. ആകെയുള്ള 6,859 സീറ്റുകളിൽ 3,120 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) 600 സീറ്റുകളിലും എൻസിപി (അജിത് പവാർ വിഭാഗം) 200 സീറ്റുകളിലും മുന്നേറ്റം തുടരുന്നു.
തെരഞ്ഞെടുപ്പ് നടന്ന 288 തദ്ദേശ സ്ഥാപനങ്ങളിൽ 214 ഇടത്തും മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) വെറും 52 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമേ മുന്നിലെത്താൻ സാധിച്ചുള്ളൂ. പ്രതിപക്ഷ നിരയിൽ ശിവസേന യുബിടി (145), കോൺഗ്രസ് (105), എൻസിപി ശരദ് പവാർ വിഭാഗം (122) എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ഒരു പതിറ്റാണ്ടിന് ശേഷം നടന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ബിഎംസി (മുംബൈ കോർപ്പറേഷൻ) തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ കർഷക പ്രതിസന്ധിയും സ്ത്രീക്ഷേമ പദ്ധതികളിലെ പോരായ്മകളും ഉയർത്തി പ്രതിപക്ഷം ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രചാരണ രംഗത്തെ ഏകോപനമില്ലായ്മ അവർക്ക് തിരിച്ചടിയായി. കോൺഗ്രസ് വിദർഭ മേഖലയിൽ സജീവമായപ്പോൾ ശിവസേന യുബിടി നേതാക്കളെ താഴെത്തട്ടിൽ കാണാനില്ലായിരുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനു വിപരീതമായി മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകിയ ഭരണസഖ്യത്തിന്‍റെ നീക്കം ഗ്രാമീണ മേഖലകളിലടക്കം വലിയ വിജയം കാണുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ഈ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam