
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാര്‍ട്ടി വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം പോയി അവരുടെ ഭാവി നന്നാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ബിജെപിയിൽ ചേരാൻ പോകുന്നതിന് ഞാൻ അവർക്ക് എന്‍റെ കാർ കടം കൊടുക്കും". രാജിവെക്കുന്നതിൽ നിന്ന് ആരെയും കോൺഗ്രസ് തടയില്ലെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍നാഥ് പറഞ്ഞു.
ഒരാൾ കോൺഗ്രസ് വിട്ടതുകൊണ്ട് പാർട്ടി അവസാനിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കമല്‍നാഥ് ചോദിച്ചു. “ആളുകൾ ഇത്തരത്തില്‍ ചെയ്യുന്നത് അവരുടെ ഇഷ്ടത്തിന് ചെയ്യുന്നത്, ആരും സമ്മർദ്ദത്തിൽ നിന്ന് ഒന്നും ചെയ്യുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ഗോവയിലെ എട്ട് കോൺഗ്രസ് എം എൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടിരുന്നു.
അതേ സമയം പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ഒരു ഡസനിലധികം എം എല്‍ എമാരുമായാണ് അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബിന്‍റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി ലക്ഷ്യമിടുന്നത്.
അന്‍പത്തിയെട്ട് ശതമാനം വരുന്ന സിഖ് ജനതക്കിടയില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ശിരോമണി അകാലിദള്‍ സഖ്യമുപേക്ഷിച്ചതിന്‍റെ ക്ഷീണം ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നും ബിജെപി കരുതുന്നു.
ചാലക്കുടിയില്‍ ബിജെപി സ്വതന്ത്ര കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam