
ദില്ലി: ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തെന്ന് ഗാസ സമാധാന ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ്. ഇന്ത്യക്കാരുടെ കൊലയാളിയായ അസിം മുനീറിനെ ട്രംപ് പുകഴ്ത്തിയിട്ടും കേന്ദ്രം മൗനം പാലിക്കുന്നതെന്തിനെന്നും കോൺഗ്രസ് ചോദിച്ചു. ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തത് ട്രംപാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടം പരാമർശത്തോട് വിദേശകാര്യമന്ത്രാലയം മൗനം പാലിക്കുകയാണ്.
നിലവില്‍ ട്രംപിൻറെ അവകാശവാദം കോൺഗ്രസ് ആയുധമാക്കിയിരിക്കുകയാണ്. ഇന്ത്യ പാക്കിസ്ഥാല്‍ സംഘർഷം അവസാനിപ്പിച്ചതിന് പാക്കിസ്ഥാന്‍ ഡോണൾഡ് ട്രംപിനെ നൊബേല് സമ്മാനത്തിന് നിർദേശിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തത് താനാണെന്ന് ഈജിപ്തിൽ ഇന്നലെ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫിനോട് ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രംപ് നിർദ്ദേശിച്ചു. ഇന്ത്യ പാക് സംഘർഷം തീർക്കാൻ ഇടപെട്ടത് ട്രംപാണെന്നും ഇതിന് നോബെൽ സമ്മാനം നല്കണമെന്നും ഷഹ്ബാസ് ഷെരീഫും പറഞ്ഞു. ഇന്ത്യ ഈ നാടകങ്ങൾ പ്രതീക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലേക്ക് യാത്ര ചെയ്യേണ്ടെന്ന് നിശ്ചയിച്ചതും ട്രംപും പാക് പ്രധാനമന്ത്രിയും ഒന്നിച്ചു വരുന്ന സാഹചര്യം പരിഗണിച്ചണ് പകരം വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗിനെയാണ് ഈജിപ്തിലേക്ക് അയച്ചത്.
നൂറ് ശതമാനം തീരുവ ഏർപ്പെടുത്തും എന്ന് ഭീഷണി ഉയർത്തിയാണ് സംഘർഷം അവസാനിപ്പിച്ചതെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഗാസ സമാധാന പദ്ധതിക്ക് ട്രംപിനെ പുകഴ്ത്തുന്ന പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയത്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തെന്ന് 52 വട്ടം ട്രംപ് പറഞ്ഞിട്ടും മോദി എന്തുകൊണ്ട് ഇത് തള്ളുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു. ഈജിപ്തിലെ ഉച്ചകോടിയിൽ പാകിസ്ഥാൻ സേന മേധാവി അസിം മുനീറിനെ മഹാനായ ജനറൽ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പഹൽഗാമിൽ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ പാക് സൈനിക മേധാവിയെ ട്രംപ് പുകഴ്ത്തിയതിൽ കേന്ദ്ര സർക്കാരിൻറെ നിലപാടെന്തെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗൂർ ചോദിച്ചു. ട്രംപിൻറെ അവകാശവാദത്തോട് പ്രതികരിക്കേണ്ടതില്ല എന്നാണ് വിദേശകാര്യമന്ത്രാലയം തല്ക്കാലം തീരുമാനിച്ചിരിക്കുന്നത്.