കര്‍ണാടകത്തിലെ 14 വിമതരേയും കോണ്‍ഗ്രസ് പുറത്താക്കി

By Web TeamFirst Published Jul 30, 2019, 10:34 PM IST
Highlights

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. 

ബെംഗളൂരു: രാജിപ്രഖ്യാപിച്ച് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്‍റെ ശുപാര്‍ശ പരിഗണിച്ചു കൊണ്ടാണ് പതിനാല് പേരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഹൈക്കമാന്‍ഡ് അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. 

മഹേഷ് കുമ്മാതലി, ശ്രീമന്ത് ബി പാട്ടീല്‍, രമേശ് എല്‍ ജാര്‍ക്കിഹോളി, പ്രതാപ് ഗൗണ്ട പാട്ടീല്‍, ശിവറാം മഹബലേശ്വര്‍ ഹെബ്ബാര്‍,  ബിസി പാട്ടീല്‍, ആര്‍ ശങ്കര്‍, ആനന്ദ് സിംഗ്, ഡോ കെ സുധാകര്‍, ബിഎ ബസവരാജ്, എസ്‍ടി സോമശേഖര, മുനിരത്ന, ആര്‍ റോഷന്‍ ബെയ്‍ഗ്, എംടിബി നാഗരാജ് എന്നീ മുന്‍ എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. 

നേരത്തെ കര്‍ണാടക സ്പീക്കറായിരുന്ന രമേശ് കുമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2023 വരെ ഇവര്‍ക്ക് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിമത നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 

click me!