
പാറ്റ്ന: ബിഹാറിൽ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ച് പാറ്റ്നയിലെ സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരമ്പരാഗതമായ 'ദഹി-ചുര' വിരുന്നിൽ നിന്ന് ആറ് എംഎൽഎമാരും വിട്ടുനിന്നതാണ് ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ആശയവിനിമയങ്ങൾ നടത്തിയെന്നാണ് വാര്‍ത്തകൾ പുറത്ത് വരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പാർട്ടി പരിപാടികളിൽ നിന്ന് എംഎൽഎമാർ കൂട്ടത്തോടെ വിട്ടുനിൽക്കുന്നത്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച ചെയ്യാൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു. മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് 'ദഹി-ചുര' വിരുന്നിൽ നിന്നത്.
എംഎൽഎമാർക്ക് മറ്റ് തിരക്കുകൾ ഉള്ളതുകൊണ്ടാണ് വരാതിരുന്നതെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാല്‍, 15ന് ശേഷം കോൺഗ്രസ് എംഎൽഎമാർ എൻഡിഎയിൽ ചേരുമെന്ന് ലോക ജനശക്തി പാർട്ടി (രാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് അവകാശപ്പെട്ടു. കോൺഗ്രസിന് പുറമെ ആർജെഡി എംഎൽഎമാരും എൻഡിഎയിലേക്ക് നീങ്ങുന്നതായി ബിജെപി നേതാവ് രാം കൃപാൽ യാദവ് സൂചിപ്പിച്ചു. എന്നാൽ ആർജെഡി ഇത് നിഷേധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് കേവലം ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ ആറ് എംഎൽഎമാരും കൂറുമാറിയാൽ ബിഹാറിൽ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam