
ദില്ലി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഇസ്രയേലിനുണ്ടെന്ന ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. ഇസ്രയേലിന് മറുപടി നൽകാതെ മോദി പാലിക്കുന്ന മൗനം ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണെന്നും അങ്ങേയറ്റം മനസ്സാക്ഷി ഇല്ലാത്തതാണെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.
ഇസ്രയേലിനെ സംബന്ധിച്ച് അവശേഷിക്കുന്ന ഏക കരുത്തുറ്റ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ പ്രസ്താവന തള്ളിയാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തിയത്. ഇസ്രയേലിന് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇസ്രയേൽ നയങ്ങൾക്കെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. നെതന്യാഹുവിന്‍റെ അവകാശവാദം തെറ്റാണെന്ന് ജയറാം രമേശ് പറഞ്ഞു. ഇസ്രയേൽ 'മോദാനി' സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും നരേന്ദ്ര മോദിക്ക് നെതന്യാഹുവിനോട് അന്ധമായ ഭക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ കുട്ടികളെപ്പോലും വെറുതെ വിടാത്ത ഗാസയിലെ ഇസ്രായേലിന്റെ കൂട്ടക്കൊലയെ കോടിക്കണക്കിന് ഇന്ത്യക്കാർ അപലപിക്കുന്നുണ്ടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ ബലമായി ഒഴിപ്പിക്കുന്നതും ഇറാനിലെ വ്യോമാക്രമണങ്ങളും തെക്കൻ ലെബനനിലെ ക്രൂരമായ സൈനികാക്രമണവും മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളാണെന്ന് ജയറാം രമേശ് പറഞ്ഞു. സ്വയം 'വിശ്വഗുരു' എന്ന് വിശേഷിപ്പിക്കുന്ന, അവാർഡുകൾക്കായി ദാഹിക്കുന്ന പ്രധാനമന്ത്രിയുടെ കല്ലു പോലുള്ള മൗനം ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും നേരെയുള്ള വഞ്ചനയാണെന്ന് ജയറാം രമേശ് വിമർശിച്ചു. ഇത്തരം ക്രൂരതകൾക്ക് നേരെ മൗനം പാലിക്കുന്നത് അങ്ങേയറ്റം മനസ്സാക്ഷിയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു പോയ നെതന്യാഹുവിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇന്ത്യക്ക് ഒരു ബഹുമതിയല്ലെന്ന് ജയറാം രമേശ് പറഞ്ഞു. മോദിയുടെ ഉറ്റസുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് പോലും കടുത്ത അമർഷവും നിരാശയുമാണ് നിലവിൽ നെതന്യാഹു നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
"നമുക്ക് മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. ഇന്ത്യ എന്നൊരു ചെറിയ രാജ്യം. നിങ്ങൾക്കറിയാമല്ലോ, അവിടെ 140 കോടി ജനങ്ങളുണ്ട്. അവിടെ ഞങ്ങൾക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്"- എന്നാണ് നെതന്യാഹു പറഞ്ഞത്. ഫേസ്ബുക്ക് വഴിയും തനിക്ക് ഇന്ത്യയിൽ നിന്ന് വൻതോതിൽ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇസ്രയേലിന് മറ്റ് സഖ്യകക്ഷികളില്ലെന്ന ജെ ഡി വാൻസിന്റെ വാദം തെറ്റാണെന്നും നെതന്യാഹു അവകാശപ്പെട്ടു. യുഎസ് -ഇറാൻ സമാധാന ചർച്ചകളെ ഇസ്രയേൽ മാനിക്കണമെന്നും അമേരിക്കയല്ലാതെ മറ്റൊരു ശക്തനായ സുഹൃത്ത് ഇസ്രായേലിനില്ലെന്നുമാണ് വാൻസ് നേരത്തെ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam