
ദില്ലി: ഗാന്ധി കുടുംബം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് (Congress)പ്രവര്‍ത്തക സമിതി ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് എഐസിസി (AICC) ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റ ആവശ്യം ഗ്രൂപ്പ് 23 ശക്തമാക്കുമ്പോഴാണ് നേതാക്കള്‍ നിര്‍ണ്ണായക തീരുമാനമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാല്‍ ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെയും ഗ്രൂപ്പ് 23 ചോദ്യം ചെയ്യുന്നുണ്ട്.
നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും അദൃശ്യ നിയന്ത്രണം നടത്തുന്ന രാഹുല്‍ഗാന്ധിയും പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച എഐസിസി പ്രചാരണവിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ബിജെപിക്കായി ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുകയാണെന്ന് ആരോപിച്ചു. റിപ്പോര്‍ട്ടുകളോട് ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല.
അന്‍പത്തിനാലംഗ വിശാല പ്രവർത്തക സമിതിയില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരാണ്. അവരെ സമ്മര്‍ത്തിലാക്കാനുള്ള നാടകീയ നീക്കമാണോയെന്ന സംശയം ഗ്രൂപ്പ് 23 ഉന്നയിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി നാളെ പ്രവര്‍ത്തക സമിതിക്കെത്തുക. നേതൃമാറ്റ ആവശ്യം ശക്തമാക്കിയതിനൊപ്പം സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടരുന്നതിനെയും നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമതര്‍ക്കൊപ്പം സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമായെന്ന് കമല്‍നാഥിനെ പോലുള്ള വിശ്വസ്തരും വിമര്‍ശിക്കുമ്പോള്‍ ഗാന്ധി കുടുംബം കടുത്ത പ്രതിസന്ധിയില്‍ തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam