കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്,സംഘടനാ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട , ഗുലാംനബിആസാദിന്‍റെ രാജിയും ചർച്ചയാകും

By Web TeamFirst Published Aug 28, 2022, 5:39 AM IST
Highlights

രാഹുൽ ഗാന്ധിക്കെതിരെ ഗുലാം നബി ആസാദ് രാജിക്കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രമേയം പാസാക്കാനും സാധ്യതയുണ്ട്

ദില്ലി : കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് വിർച്ച്വലായാവും യോഗം നടക്കുക. ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും. അടുത്ത മാസം ഇരുപതിന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് രണ്ടാഴ്ച കൂടി നീട്ടാൻ യോഗത്തിൽ ധാരണയുണ്ടാവും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണിതെന്ന് നേതാക്കൾ പറഞ്ഞു. ഗുലാംനബി ആസാദ് രാജിവച്ചു കൊണ്ട് നല്കിയ കത്തും യോഗത്തിൽ ചർച്ചയാവും. രാഹുൽ ഗാന്ധിക്കെതിരെ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യോഗം പ്രമേയം പാസാക്കാനും സാധ്യതയുണ്ട്

'പാർട്ടിയെ ഉപദേശിക്കുന്നത് വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവർ'; ഗുലാം നബിയെ പിന്തുണച്ച് മനീഷ് തിവാരി

ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതൽ ജി 23 നേതാക്കൾ.  കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോൾ പാർട്ടിയെ ഉപദേശിക്കുന്നതെന്നും മുതിർന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചു. നേരത്തെ  ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാർട്ടിക്കും രാജ്യത്തിനുമിടയിൽ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. 42 വർഷം പാർട്ടിക്കായി ജീവിച്ചവർ കുടിയാന്മാരല്ലെന്നും ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ഇന്നലെ ആനന്ദ് ശർമയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.  

ആസാദിന്റെ പുതിയ പാർട്ടി സെപ്തംബർ 5ന്?

ഇതിനിടെ, ജമ്മു കശ്മീരിൽ കൂടുതൽ നേതാക്കൾ ഗുലാംനബി ആസാദിനെ പിന്തുണച്ച് രാജി നൽകി. ഗുലാം നബിയുടെ രാജിക്ക് പിന്നാലെ മൂന്ന് മുൻമന്ത്രിമാർ ഉൾപ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോൺഗ്രസ് വിട്ടത്. കൂടുതല്‍ പേർ രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന. സെപ്തംബർ 5ന് നടത്തുന്ന റാലിയില്‍ ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ ആസാദിന്റെ നേതൃത്വത്തിൽ തുടങ്ങി. അണികളെ ഏകോപ്പിപ്പിച്ച് പ്രവർത്തനം തുടങ്ങാന്‍ ആസാദ് നിർദേശിച്ചതായി മുന്‍ എംഎല്‍എ ഗുല്‍സാർ അഹമ്മദ് വാണി പറഞ്ഞു. 

click me!