നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് പറന്നുയരാൻ ഒരു ദിവസം മാത്രം, ലോകത്തെ എറ്റവും കരുത്തുറ്റ റോക്കറ്റ്

By Arun Raj K MFirst Published Aug 28, 2022, 5:12 AM IST
Highlights

നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണെങ്കിലും ആദ്യ യാത്രയിൽ സഞ്ചാരികളില്ല.അതിന് മൂന്നാം ദൌത്യം വരെ കാത്തിരിക്കണം

തിരുവനന്തപുരം : നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് വിക്ഷേപിക്കാൻ ഇനി ഒരു ദിവസം മാത്രം. ലോകത്തെ എറ്റവും കരുത്തുറ്റ റോക്കറ്റിന്‍റെ കൂടി ആദ്യ പരീക്ഷണമാണ് ഈ വിക്ഷേപണം.

 ഭൂഗുരുത്വത്തിന് പുറത്തേക്ക് ആർട്ടിമിസ് യാത്രികരെ കൊണ്ടുപോകുന്നത് നാസയുടെ പുതിയ റോക്കറ്റ്.സ്പേസ് ലോഞ്ച് സിസ്റ്റം. അപ്പോളോ ദൗത്യങ്ങളെ ചുമലിലേറ്റിയ സാറ്റേൺ ഫൈഫിന്റെ പിൻഗാമി. ഇന്നത്തെ കാലത്തെ എറ്റവും കരുത്തനായ റോക്കറ്റ്.

ആർട്ടിമിസ് ഒന്നാം ദൗത്യത്തിൽ ഉപയോഗിക്കുന്നത് എസ്എൽഎസിന്‍റെ ബ്ലോക്ക് 1 പതിപ്പ്. വികസനം തുടങ്ങിയത് 2011ൽ. 322 അടി ഉയരം , 8.4 മീറ്റർ.27.6 അടി വ്യാസം.  ഇരുപത്തിയാറായിരം കിലോഗ്രാമിലധികം ഭാരം, 27 ടൺ ഭാരം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് അയക്കാൻ ശേഷിയുണ്ട് ഈ വമ്പന്. 

ചെലവും കൂടുതലാണ് ഈ റോക്കറ്റ് വികസിപ്പിച്ച് വിക്ഷേപണത്തറയിലെത്തിക്കാൻ നാസയ്ക്ക് ഇത് വരെ ചെലവായത് 23 ബില്യൺ ഡോളറിലേറെ. ഇന്നത്തെ വിനിമയ നിരക്കിൽ അത് 18,37,43,98,55,500 രൂപ. വരും ദൗത്യങ്ങളിൽ ശക്തിയും ശേഷിയും വലിപ്പവും ഇനിയും കൂടും.

എന്താണ് എസ്എൽഎസിനെ ലോകത്തെ എറ്റവും കരുത്തനായ റോക്കറ്റാക്കുന്നതെന്ന് നോക്കാം.

പരിചയപ്പെടാനുള്ള എളുപ്പത്തിനായി മൂന്ന് ഘട്ടമായി എസ്എൽഎസിനെ തിരിക്കാം. വശങ്ങളിലെ സ്ട്രാപ്പോൺ ബൂസ്റ്ററുകൾ, നടുവിലത്തെ കോർ സ്റ്റേജ്. അതിന് മുകളിലെ ഓറിയോൺ ക്യാപ്സൂളും.
177 അടി നീളവും 12 അടി വ്യാസവുമുള്ള രണ്ട് ബൂസ്റ്റർ റോക്കറ്റുകളാണ് ഇരു വശത്തുമുള്ളത്. റോക്കറ്റിനെ ഭൂമിയിൽ നിന്ന് ഉയർത്താൻ വേണ്ടി പണിയെടുക്കുക ഖര ഇന്ധനം ഉപയോഗിക്കുന്ന ഈ ചെറു റോക്കറ്റുകൾ. വിക്ഷേപണം കഴിഞ്ഞുള്ള ആദ്യ രണ്ട് മിനിറ്റുകളിൽ റോക്കറ്റിനാവശ്യമായ 75 ശതമാനം ത്രസ്റ്റും നൽകുന്നത് ഈ സോളിഡ് ബൂസ്റ്ററുകളാണ്. റോക്കറ്റ് കുതിച്ച് രണ്ട് മിനുറ്റ് കഴിയുമ്പോൾ ഇവ വേർപ്പെടും.

റോക്കറ്റിന്റെ എറ്റവും കരുത്തേറിയ ഭാഗം നടുവിലെ കോർ സ്റ്റേജ്.212 അടി ഉയരമുള്ള ദ്രവ ഇന്ധനമുപയോഗിക്കുന്ന ഈ ഘട്ടമാണ് ഓറിയോണിനെ ഭൂമിക്ക് പുറത്തെത്തിക്കുക. ദ്രവീകൃത ഓക്സിജനും ദ്രവീകൃത ഹൈഡ്രജനുമാണ് ഈ ഘട്ടത്തിലെ ഇന്ധനം 33,32,283 ലിറ്റർ ഇന്ധനമാണ് ഇതിൽ നിറച്ചിരിക്കുന്നത്.കോർ സ്റ്റേജിന് അടിയിലെ. നാല് ആർഎസ്25 എഞ്ചിനുകളാണ് റോക്കറ്റിൻ്റെ ശക്തി പണ്ട് സ്പേസ് ഷട്ടിലുകളെ ഉയർത്തിയ അതേ എഞ്ചിനുകൾ തന്നെയാണ് ഇവ. വിക്ഷേപണം കഴിഞ്ഞ് എട്ട് മിനുറ്റ് കഴിയുമ്പോൾ പേടകം ഭ്രമണപഥത്തിലെത്തും അപ്പോൾ കോർ സ്റ്റേജ് വേർപ്പെടും.


പക്ഷേ ചന്ദ്രനിലേക്ക് ദൂരമിനിയുമുണ്ട് അവിടെയാണ് ഐസിപിഎസ് എന്ന ഇൻ്ററിം ക്രയോജനിക് പ്രൊപൽഷൻ സ്റ്റേജ് കടന്നു വരുന്നത്.ഓറിയോൺ പേടകത്തിനും കോർ സ്റ്റേജിനും ഇടയിലുള്ള ഈ സംവിധാനമാണ് ഭ്രമണപഥ മാറ്റങ്ങൾക്കും ചന്ദ്രനിലേക്കുള്ള യാത്രക്കിടയിലെ വേഗ നിയന്ത്രണത്തിനും ഉപയോഗിക്കുക.

എറ്റവും മുകളിലാണ് ആസ്ട്രനോട്ടുകൾ സഞ്ചരിക്കാൻ പോകുന്ന ഓറൈയോൺ ക്യാപ്സൂൾ.നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണെങ്കിലും ആദ്യ യാത്രയിൽ സഞ്ചാരികളില്ല.അതിന് മൂന്നാം ദൌത്യം വരെ കാത്തിരിക്കണം.തൽക്കാലം ചന്ദ്രനെ ചുറ്റി തിരിച്ചുവരലാണ്

അപ്പോളോ ദൌത്യങ്ങൾ യാത്ര തുടങ്ങിയ കേപ്പ് കനാവറിലെ കെന്നഡി സ്പേസ് സെൻ്റർ ലോഞ്ച് പാഡ് 39 ബി.യിൽ നിന്നാണ് വിക്ഷേപണം. ലോകം കാത്തിരിക്കുന്നു, അമ്പതാണ്ടിന് ശേഷമുള്ള മനുഷ്യൻ്റെ ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക്

click me!