
ദില്ലി: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രം. വിഷയത്തിൽ സുപ്രീം കോടതിയിൽ ശക്തമായി വാദിച്ച കേന്ദ്രം, കേസുകളുടെ സ്വഭാവം അനുസരിച്ച് ഇക്കാര്യത്തിൽ കോടതിക്ക് സ്വതന്ത്ര നിലപാട് എടുക്കാവുന്നതാണെന്ന് വ്യക്തമാക്കി. അഡീഷണൽ സോളിസ്റ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്.
'ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൻ്റെ പ്രായം 18 ആക്കിയത് ബോധപൂർവം എല്ലാ വശങ്ങളും പരിശോധിച്ചാണെന്ന് ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികമായി ദുരപയോഗം ചെയ്യപ്പെടുന്നത് തടയാനാണിത്. കൗമാരപ്രായക്കാരുടെ പ്രണയ ബന്ധങ്ങൾക്ക് വേണ്ടി ബാലാവകാശ നിയമങ്ങളിൽ വെള്ളം ചേർക്കരുതെന്നും ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു. പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നത് അപകടകരമെന്നും കോടതിയിൽ കേന്ദ്രം നിലപാടെടുത്തു. ഈ നീക്കം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്ക് കൂടുതൽ ഇളവ് നൽകുന്നതാവുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നത് പതിറ്റാണ്ടുകളിലൂടെ ശക്തിയാർജിച്ച രാജ്യത്തെ ബാലാവകാശ നിശമങ്ങളെ വീണ്ടും പൂർവസ്ഥിതിയിലേക്ക് എത്തിക്കുന്നതാവും. പോക്സോ ആക്ട് 2012, ബിഎൻഎസ് എന്നിവയുടെ അടിസ്ഥാന സ്വഭാവത്തിന് ഈ നീക്കം പരിക്കേൽപ്പിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
അതേസമയം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയും അമിക്കസ് ക്യുറിയുമായ ഇന്ദിര ജയ്‌സിങ് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്ന വാദത്തെയാണ് പിന്താങ്ങുന്നത്. സുപ്രീം കോടതിയിലെ വാദത്തിൽ ഇന്ദിര ജയ്‌സിങ് ഉയർത്തിയ വാദഗതികളെ ചോദ്യം ചെയ്താണ് കേന്ദ്രസർക്കാർ നിലപാടെടുത്തത്. നിലവിലെ നിയമം കൗമാരപ്രായക്കാർക്കിടയിലുണ്ടാകുന്ന ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നാണ് ഇന്ദിര ജയ്സിങിൻ്റെ വാദം.