
ദില്ലി : ദില്ലിയിൽ പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസുകാരന് നേരെ മര്‍ദ്ദനം. കൂടി നിന്ന സംഘം പൊലീസുകാരന്റെ മുഖത്തടിക്കുകയും തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റേഷനിലെ മറ്റ് പൊലീസുകാരാരും സംഘത്തെ പിടിച്ചുമാറ്റാനോ പൊലീസുകാരനെ പ്രതിരോധിക്കാനോ വന്നില്ലെന്ന് പ്രചരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നു.
ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പത്തോ പന്ത്രണ്ടോ പേരടങ്ങിയ സംഘം പൊലീസുകാരനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ചുറ്റും കൂടി നിന്ന മറ്റുള്ളവര്‍ തങ്ങളുടെ മൊബൈൽ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയിൽ കാണാം. ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനാണ് മര്‍ദ്ദനമേൽക്കേണ്ടി വന്നത്.
പൊലീസുകാരനെ ആക്രമിച്ചത് എന്തിനെന്ന് ഇതുവരെയും വ്യക്തമല്ല. ഓഗസ്റ്റ് മൂന്നിന് നടന്ന സംഭവം വീഡിയോ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്. പൊലീസുകാരൻ വീഡിയോയിൽ മാപ്പ് ചോദിക്കുന്നുണ്ട്. എന്നിട്ടും അജ്ഞാതരായ സംഘം ആക്രമണം നിര്‍ത്തുന്നില്ല. സംഭവത്തിൽ അന്വേഷിക്കുകയാണെന്നും പ്രതികളെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
Read More : ജനിച്ചയുടൻ നവജാതശിശുവിനെ പാടത്ത് കുഴിച്ചിട്ട സംഭവം; തിരച്ചിലിനൊടുവിൽ മാതാപിതാക്കൾ അറസ്റ്റിൽ