ജനനസമയത്ത് ആരോഗ്യം കുറവായതിനാൽ ചികിത്സാചെലവ് താങ്ങാൻ കഴിയില്ലെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിലെ ​ഗംഭോയ് ​ഗ്രാമത്തിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. പിതാവായ ഷൈലേഷ് ബജാനിയയെ മെഹ്‌സാനയിലെ കാഡിക്ക് സമീപത്ത് നിന്നും അമ്മ മഞ്ജുളയെ ഗാന്ധിനഗർ ജില്ലയിലെ മാൻസയിൽ നിന്നുമാണ് പിടികൂടിയത്. പാടത്ത് ജോലിക്കെത്തിയവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ജനനസമയത്ത് ആരോഗ്യം കുറവായതിനാൽ ചികിത്സാചെലവ് താങ്ങാൻ കഴിയില്ലെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഏഴരമാസമായപ്പോഴാണ് മഞ്ജുള കുഞ്ഞിനെ പ്രസവിച്ചത്. ആരോ​ഗ്യം കുറവായതിനാൽ കുഞ്ഞിനെ ഇവർ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് പെണ്ണായതിനാൽ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസ് നി​ഗമനം. 

പാടത്ത് പണിക്കെത്തിയവർ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഒമ്പതരയോടെ പാടത്തെത്തിയ ഹിതേന്ദ്ര സിൻഹയെന്ന കർഷകനാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോൾ കുഞ്ഞ് പാദങ്ങൾ കണ്ടു. തൊട്ടടുത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു ഗുജറാത്ത് ഇലക്ടിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി ആ പെൺകുഞ്ഞിനെ പുറത്തെടുത്തു. ആഴമുള്ള കുഴിയായിരുന്നില്ല. കുഞ്ഞിനെ ജില്ലാ ആസ്ഥാനമായി ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

മക്കളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി, നാല് കുട്ടികളും മരിച്ചു, അമ്മ രക്ഷപ്പെട്ടു

മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയും അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ചാമുണ്ഡ നഗറിൽ നിന്ന് ഗർഭിണിയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 317 (കുട്ടിയെ ഉപേക്ഷിക്കൽ), 447 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.