അംബാനിക്ക് ഭീഷണി: കേസില്‍ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെ എന്‍ഐഎ അറസ്റ്റില്‍

By Web TeamFirst Published Mar 14, 2021, 9:29 AM IST
Highlights

അംബാനിയുടെ വീടിന് സമീപം കാറില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പങ്കിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസെയെ അറസ്റ്റ് ചെയ്യുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. കാറിന്റെ ഉടമസ്ഥനായ മാന്‍സുഖ് ഹിരണ്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാള്‍ അന്വേഷണം നേരിടുന്നു.
 

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അസി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫിസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വസെയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ നീക്കി. അംബാനിയുടെ വീടിന് സമീപം കാറില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പങ്കിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസെയെ അറസ്റ്റ് ചെയ്യുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി.

കാറിന്റെ ഉടമസ്ഥനായ മാന്‍സുഖ് ഹിരണ്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാള്‍ അന്വേഷണം നേരിടുന്നു. ഈ കേസില്‍ അന്വേഷണ സംഘത്തിന് സച്ചിന്‍ വസെയെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. മാന്‍സുഖ് ഹിരണ്‍ കൊല്ലപ്പെട്ടതാണെന്ന് പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു.

കേസില്‍ തന്നെ കുടുക്കുകയാണെന്ന് വസെ ആരോപിച്ചിരുന്നു.  അദ്ദേഹത്തെ പൊലീസ് വേട്ടയാടിയിരുന്നതായി ഭാര്യയും ആരോപിച്ചു. ഫെബ്രുവരി 25നാണ് മുംബൈയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് കാറിന്റെ ഉടമയായ മാന്‍സുഖ് ഹിരണിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
 

click me!