കൊറോണ മാതയെ കാണാന്‍ വിശ്വാസികള്‍ കൂട്ടമായെത്തി; ക്ഷേത്രം പൊളിച്ച് അധികൃതര്‍

By Web TeamFirst Published Jun 13, 2021, 10:20 PM IST
Highlights

ക്ഷേത്രം നിര്‍മ്മിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് തര്‍ക്ക ഭൂമിയിലെ കൊറോണ മാത ക്ഷേത്രം പൊളിച്ചത്

കൊവിഡ് ബാധിക്കാതിരിക്കാന്‍ കൊറോണ മാതയ്ക്ക് മുന്‍പില്‍ കൂട്ടമായെത്തി ആളുകള്‍. ആള്‍ക്കൂട്ടം തടയാന്‍ ക്ഷേത്രം പൊളിച്ച് അധികൃതര്‍.  കൊവിഡ് മഹാമാരിയെ മറികടക്കാനായാണ് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ജൂഹി ശുക്ലാപൂരില്‍ ജൂണ്‍ ഏഴിന് കൊറോണ മാതയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ചത്.

മാസ്ക് അണിഞ്ഞ കൊറോണമാതയുടെ അനുഗ്രഹമുണ്ടെങ്കില്‍ കൊവിഡ് വ്യാപിക്കില്ലെന്നായിരുന്നു വ്യാപക പ്രചാരണം. അനുഗ്രഹം തേടാനായി കൊവിഡ് പ്രൊട്ടോക്കോളുകള്‍ മറികടന്ന് വിശ്വാസികള്‍ എത്താന്‍ തുടങ്ങി. പ്രദേശവാസികളുടെ സഹായത്തോടെ ലോകേഷ് കുമാര്‍ ശ്രീവാസ്തവ എന്നയാളാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രാധേ ശ്യാം വര്‍മ്മ എന്നയാളെയായിരുന്നു ഇവിടെ പൂജാരിയായി നിയമിച്ചത്.

കൊവിഡ് പ്രൊട്ടോക്കോള്‍ മറികടന്ന് ആളുകള്‍എത്തിയതോടെയാണ് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം തര്‍ക്ക ഭൂമിയാണെന്ന വാദം ഉയര്‍ന്നതും. ഇതോടെയാണ് പൊലീസെത്തി ക്ഷേത്രം പൊളിച്ചത്. നോയിഡയില്‍ താമസമാക്കിയ ലോകേഷും മറ്റ് രണ്ട് പേരുമാണ് സ്ഥലത്തിന്‍റെ ഉടമസ്ഥര്‍. ക്ഷേത്രം നിര്‍മ്മിച്ച ശേഷം ലോകേഷ് നോയിഡയ്ക്ക് മടങ്ങി. ഇതിന് പിന്നാലെ സ്ഥലത്തിന്‍റെ സഹ ഉടമയായ നാഗേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പ്രദേശവാസികളെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു ക്ഷേത്രം പൊളിച്ചത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!