'കൊറോണ ഒരു വൈറസ് അല്ല, മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനുള്ള അവതാരം'; വിചിത്രവാദവുമായി ഹിന്ദു മഹാസഭ

By Web TeamFirst Published Feb 17, 2020, 1:34 PM IST
Highlights

''ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് കൊറോണയുടെ വിഗ്രഹം ഉണ്ടാക്കി മാപ്പ് തേടണം. ചൈനയിലെ ജനങ്ങള്‍ ഭാവിയില്‍ നിഷ്കളങ്കരായ ജീവികളെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം...''

ദില്ലി: ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തി വരികയാണ്. എന്നാല്‍ അതിന്‍റെയൊക്കെ ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ ഹിന്ദു മഹാസഭ കൊറോണ വൈറസിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കൊറോണ വെറുമൊരു വൈറസ് അല്ലെന്നും മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാന്‍ പിറവിയെടുത്ത അവതാരമാണെന്നുമാണ് ഹിന്ദുമഹാസഭയുടെ കണ്ടെത്തല്‍. 

''കൊറോണ ഒരു വൈറസല്ല, പാവപ്പെട്ട ജീവികളെ സംരക്ഷിക്കാനുള്ള അവതാരമാണ്. അവയെ തിന്നുവര്‍ക്ക് ശിക്ഷയും മരണവും നല്‍കാന്‍ വേണ്ടിയാണ് അവ വന്നിരിക്കുന്നത്.''  - ആള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞു. 

വിശ്വസിച്ചാലും ഇല്ലെങ്കിലും ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ഭഗവാന്‍ നരസിംഹം അവതാരമെടുത്തതുപോലെ മൃഗങ്ങളെ പീഡിപ്പിക്കുന്നത് ഇല്ലാതാക്കാനും സസ്യാഹാരത്തിലേക്ക് തിരിയാനുമായി ചൈനക്കാരെ പാഠം പഠിപ്പിക്കാനായി പിറവിയെടുത്ത അവതാരമാണ് കൊറോണ. 

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് കൊറോണയുടെ വിഗ്രഹം ഉണ്ടാക്കി മാപ്പ് തേടണം. ചൈനയിലെ ജനങ്ങള്‍ ഭാവിയില്‍ നിഷ്കളങ്കരായ ജീവികളെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. എങ്കില്‍ മാത്രമേ കൊറോണയുടെ ദേഷ്യം ശമിക്കുകയുള്ളു എന്നും ചക്രപാണി മഹാരാജ് പറഞ്ഞു. 

തന്‍റെ വാക്കുകളെ അനുസരിച്ചാല്‍ കൊറോണ അതിന്‍റെ ലോകത്തേക്ക് മടങ്ങിപ്പോകും. ഇന്ത്യക്കാര്‍ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല. കാരണം ദൈവത്തെ ആരാധിക്കുകയും ഗോമാതാവിനെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള രോഗപ്രതിരോധശക്തി ഉണ്ടെന്നും ഹിന്ദു മഹാസഭ അധ്യക്ഷന്‍ വ്യക്തമാക്കി. 

ഇതുവരെ 69268 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1670 പേര്‍ മരിച്ചു. ഇതില്‍ കൊറോണ ബാധിച്ച 68500 പേരും മരിച്ച 1666 പേരും ചൈനയിലാണ്. 

click me!