
ലക്നൗ: മകൻ ഇതര മതത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഉത്തർപ്രദേശിൽ മുസ്ലിം ദമ്പതികളെ തല്ലിക്കൊന്നു. സിതാപുരിലാണ് അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെ അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകൻ മറ്റൊരു മതത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. അക്രമത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.
ദമ്പതികളുടെ മകൻ ഷൗക്കത്തിന്, അയൽവാസിയായ ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. നേരത്തെ ഒരിക്കൽ പെൺകുട്ടിയുമായി ഷൗക്കത്ത് നാടുവിട്ടിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഷൗക്കത്തിനെ അന്ന് പൊലീസ് അറസ്റ്റു ചെയ്തു. ജയിൽ മോചിതനായ ശേഷം ഷൗക്കത്ത് പെൺകുട്ടിയെ വിവാഹം കഴിച്ച ശേഷം വീണ്ടും നാടു വിടുകയായിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് ശൈലേന്ദ്ര ജസ്വാൾ ഉള്‍പ്പെടുന്ന സംഘം ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി ആറംഗ സംഘം, അറസ്റ്റ്
അതിനിടെ, സഹോദരനും സഹോദരഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ മധ്യവയസ്കൻ സ്വന്തം കൈവിരൽ വെട്ടി മാറ്റി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഈ വിധമുള്ള പ്രതിഷേധം. വിരൽ നരേന്ദ്രമോദിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുന്നതായി വിഡിയോ സന്ദേശത്തിൽ ഇയാൾ പറയുന്നുണ്ട്.
താനെ സ്വദേശി ധനഞ്ജയ് നാനാവരെയാണ് കൈവിരൽ വെട്ടിമാറ്റിയത്. ജൂൺ ഒന്നിനാണ് സഹോദരൻ നന്ദകുമാറും ഭാര്യ ഉജ്വലയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിലേക്ക് നയിച്ചവരെക്കുറിച്ച് വീഡിയോ സന്ദേശവും ഒരു കത്തും ഇവർ തയ്യാറാക്കി വച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഇന്നേ ദിവസം വരെയും ഒരു തുടർ നടപടിയും ഉണ്ടായില്ലെന്നാണ് ധനഞ്ജയ് ആരോപിക്കുന്നത്.
കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി ആറംഗ സംഘം, അറസ്റ്റ്
ബിജെപി എംഎൽഎ പപ്പുകലാനിയുടെ പിഎ ആയിരുന്നു ആത്മഹത്യ ചെയ്ത നന്ദകുമാർ. മുൻപ് ശിവസേന എംഎൽഎയുടെ ഓഫീസിലും ഉണ്ടായിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശരീരഭാഗങ്ങൾ വെട്ടിമാറ്റുമെന്നും ഇയാൾ ഭീഷണി മുഴക്കി. കൈവിരൽ വെട്ടിമാറ്റിയതിന് പിന്നാലെ നാല് പേരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസ് പറയുന്നു.