ആറ് കൊലപാതക കേസുകള്‍ അടക്കം 33 കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. ഒരു കേസില്‍ കോടതിയില്‍ ഹാജരായി മടങ്ങിയ ദിവസമാണ് സുരേഷ് കൊല്ലപ്പെടുന്നത്.

ചെന്നൈ: സുഹൃത്തിനെ കൊന്ന ഗുണ്ടാ ഗ്യാങ് നേതാവിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് ശ്രീനിവാസപുരത്ത് വച്ച് ഗുണ്ടാ നേതാവായ സുരേഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെയാണ് ആറംഗ സംഘം കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ യമഹ മണി, ജയബാലന്‍, ചന്ദ്ര എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുള്ള മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്.

2015 ല്‍ താമരൈപാക്കം കൂട്ട് റോഡില്‍ വച്ച് ഇവരുടെ സുഹൃത്തായ അതി തെന്നരസുവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകം എന്നാണ് അറസ്റ്റിലായവര്‍ വിശദമാക്കുന്നത്. ബന്ധുവിന്‍റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുമ്പോഴാണ് അതി തെന്നരസു കൊല്ലപ്പെട്ടത്. തെന്നരസുവിന്‍റെ സഹോദരന്‍ ബോംബ് സരവണന്റെ നിര്‍ദേശമനുസരിച്ചാണ് സുരേഷിനെ കൊല്ലാന്‍ സംഘം പദ്ധതി തയ്യാറാക്കിയത്.

ആറ് കൊലപാതക കേസുകള്‍ അടക്കം 33 കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. ഒരു കേസില്‍ കോടതിയില്‍ ഹാജരായി മടങ്ങിയ ദിവസമാണ് സുരേഷ് കൊല്ലപ്പെടുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ആറംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം