
ഹരിദ്വാർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ റാലി നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരിഷ് റാവത്തിനും മൂന്ന് എംഎൽഎമാർക്കുമെതിരെ കേസ്‍ രജിസ്റ്റർ ചെയ്തു. ഇദ്ദേഹത്തൊടൊപ്പം പ്രതിഷേധ റാലിയിൽ പങ്കെടുത്ത 150 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ധണ്ടേരയിൽ നിന്ന് റൂർക്കിക്ക് സമീപമുള്ള ലന്ധേരയിലെക്ക് കാളവണ്ടി റാലിക്കാണ് ഇദ്ദേഹം നേതൃത്വം നൽകിയത്. ഉത്തരാഖണ്ഡിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധ റാലി.
ഭഗവൻപൂർ എംഎൽഎ മമ്ത രാകേഷ്, മംഗളൂർ എംഎൽഎ ഖാസി നിസാമുദ്ദീൻ, കാളിയാർ എംഎൽഎ ഫർഖാൻ മുഹമ്മദ് എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊവിഡ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടമാണ് റാലിയിൽ പങ്കെടുത്തതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് സെന്തിൽ അവുഡായ് കൃഷ്ണ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ പ്രസക്ത വകുപ്പുകൾ, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുന്നതിനായി ജനങ്ങളുടെ ജീവൻ പ്രതിസന്ധിയിലാക്കുകയാണ് മുൻമുഖ്യമന്ത്രി ചെയ്തതെന്ന് ഡെറാഡൂണിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബൻസിധർ ഭഗത് വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam