ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കൊവിഡ് തടയും, മരങ്ങള്‍ കുറഞ്ഞത് ഓക്സിജന്‍ ക്ഷാമത്തിന് കാരണം: ബിജെപി എംപി

By Web TeamFirst Published May 18, 2021, 10:29 AM IST
Highlights

ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ അണുബാധയെ പ്രതിരോധിക്കുമെന്നാണ് ബിജെപി എംപിയുടെ അവകാശവാദം.ഗോമൂത്രം കഴിക്കുന്ന സമയത്ത് ചൊല്ലേണ്ട പ്രാര്‍ത്ഥനയും പ്രഗ്യ സിംഗ് ചടങ്ങില്‍ വിശദമാക്കി

ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കുടിച്ചാൽ  കൊവിഡ് വരില്ലെന്ന് ഭോപ്പാലിലെ ബിജെപി  എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍ തനിക്ക് കുത്തിവയ്പ്പിന്‍റെയോ മരുന്നിന്‍റെയോ ആവശ്യമില്ല. ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവം ആയില്ലെന്ന വിമര്‍ശനത്തിനിടെയാണ് പ്രഗ്യയുടെ പ്രതികരണം.

ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ അണുബാധയെ പ്രതിരോധിക്കുമെന്നാണ് ബിജെപി എംപിയുടെ അവകാശവാദം. സാന്ത് നഗറില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് പ്രഗ്യയുടെ അവകാശവാദം. 25 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഹെഡ്ഗ്വേവാര്‍ ആശുപത്രിക്ക് വിതരണം ചെയ്യുന്നതായിരുന്നു ചടങ്ങ്. ആളുകളുടെ മനസിലെ പൈശാചിക ചിന്ത മൂലാണ് പ്രകൃതിയെ നശിപ്പിക്കുന്നതും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. വേപ്പ്, ആല്‍, തുളസി മുതലായവ വച്ച് പിടിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഓരോ കുടുംബവും 10 മരങ്ങള്‍ നടണം. കുടുംബാഗങ്ങള്‍ അവ പരിചരിക്കണമെന്നും പ്രഗ്യ പറഞ്ഞു.

ഭോപ്പാലില്‍ ഒരു കോടി വൃക്ഷങ്ങള്‍ നട്ട് അവയ്ക്ക് വെള്ളവും വളവും നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന് ചടങ്ങില്‍ അവര്‍ പ്രതിജ്ഞ ചെയ്തു. ഗോമൂത്രം കഴിക്കുന്ന സമയത്ത് ചൊല്ലേണ്ട പ്രാര്‍ത്ഥനയും പ്രഗ്യ സിംഗ് ചടങ്ങില്‍ വിശദമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്ക്കും കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഗ്യയെ കാണുന്നില്ലെന്ന് ആരോപിച്ച് ഭോപ്പാലില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഭോപ്പാലിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!