CPM| അനുഭാവികളും നേതാക്കളുമില്ല; കാലിത്തൊഴുത്തായി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ്

By Web TeamFirst Published Nov 16, 2021, 1:44 PM IST
Highlights

മുന്‍പ് ചെങ്കോട്ടയായിരുന്ന പാര്‍ട്ടി ഓഫീസാണ് ഇപ്പോള്‍ ചാണകവും വൈക്കോലും നിറഞ്ഞ അവസ്ഥയിലായിട്ടുള്ളത്. ഓഫീസ് മുറികളില്‍ നാട്ടുകാരുടെ പശുക്കളെ കെട്ടിയിരിക്കുകയാണ്. കെട്ടിടത്തിലെ പ്രധാന ഹാളാകട്ടെ വൈക്കോല്‍ സംരക്ഷിക്കുന്ന ഇടമായി മാറി. ഉണക്കിയ ചാണകം ഹാളിന്‍റെ ഒരു മൂലയിലാണ് സൂക്ഷിച്ചിട്ടുള്ളത്.  

പാര്‍ട്ടി നേതാക്കളും അനുഭാവികളും എത്താതായതോടെ സിപിഎമ്മിന്‍റെ(CPM) പാര്‍ട്ടി ഓഫീസ് കാലിത്തൊഴുത്തായതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ(West Bengal) ദക്ഷിണ ബാരാസാത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനാണ്(Barasat South Local Committee office) ഈ ഗതികേടെന്നാണ് ആനന്ദ്ബസാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പ് ചെങ്കോട്ടയായിരുന്ന മേഖലയിലെ പാര്‍ട്ടി ഓഫീസാണ് ഇപ്പോള്‍ ചാണകവും വൈക്കോലും നിറഞ്ഞ അവസ്ഥയിലായിട്ടുള്ളത്. ഓഫീസ് മുറികളില്‍ നാട്ടുകാരുടെ പശുക്കളെ കെട്ടിയിരിക്കുകയാണ്. കെട്ടിടത്തിലെ പ്രധാന ഹാളാകട്ടെ വൈക്കോല്‍ സംരക്ഷിക്കുന്ന ഇടമായി മാറി.

ഉണക്കിയ ചാണകം ഹാളിന്‍റെ ഒരു മൂലയിലാണ് സൂക്ഷിച്ചിട്ടുള്ളത്.  പശ്ചിമബംഗാളിലെ പ്രമുഖ സിപിഎം നേതാവായ മജീദ് അലി എന്ന മജീദ് മാസ്റ്ററുടെ ശക്തികേന്ദ്രമായിരുന്ന സാസന്‍ മേഖലയിലാണ് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസുള്ളത്. 2008ല്‍ ഇടതുപക്ഷ നേതാവ് ബിമന്‍ ബസുവാണ് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. അനില്‍ ബിശ്വാസ് സ്മൃതി ഭവന്‍ എന്നായിരുന്നു അക്കാലത്ത് ഈ ലോക്കല്‍ കമ്മിറ്റി ഓഫീസ് അറിയപ്പെട്ടിരുന്നത്.

എതിരാളികളില്ലാതെ ഈ മേഖലയില്‍ സിപിഎം ശക്തി കേന്ദ്രമായിരുന്നുവെന്നാണ് പ്രദേശവാസിയായ മൊഹമ്മദ് യാസിന്‍ ആനന്ദ്ബസാറിനോട് പ്രതികരിച്ചത്. പണ്ടൊക്കെ കെട്ടിടത്തില്‍ സിപിഎം പതാക ഉയര്‍ന്നുനിന്നിരുന്നു. അന്ന് സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇവിടെ ഇപ്പോള്‍ സിപിഎമ്മുകാരില്ല. ആരും വരാറുമില്ല, ഓഫീസ് തുറക്കാറുമില്ലെന്ന് മൊഹമ്മദ് യാസിന്‍ പറയുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നും ഈ പ്രദേശത്ത് ഇല്ലെന്നും ഇയാള്‍ ആനന്ദബസാറിനോട് വിശദമാക്കി.

"

പാര്‍ട്ടി ഓഫീസ് ശ്രദ്ധിക്കാതെ കിടന്ന് കാലിത്തൊഴുത്തായ സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കുത്തബ്ദീന്‍ അഹമ്മദ് പറയുന്നു. കാലിത്തൊഴുത്തുകള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, അതിനാലാണ് പാര്‍ട്ടി ഓഫീസുകള്‍ ഈ ആവശ്യത്തിനായി ആളുകള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് ഏരിയാ സെക്രട്ടറി ആനന്ദ്ബസാറിനോട് പ്രതികരിച്ചത്. 

 

click me!