സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ; കേരളത്തിൽ അടക്കം ചില നേതാക്കൾക്ക് പാർലമെൻ്ററി മോഹമെന്ന് വിമർശനം

Published : Jun 27, 2026, 03:53 PM ISTUpdated : Jun 27, 2026, 06:42 PM IST
cpm politburo

Synopsis

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ തെറ്റ് തിരുത്തൽ രേഖക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നൽകി. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അടക്കം പാർലമെൻ്ററി സ്ഥാനമോഹമുണ്ടെന്ന് രേഖയിൽ വിമർശനമുണ്ട്. പിബി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ രേഖ അടുത്ത കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.

ദില്ലി: സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ. കേരളത്തിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ തിരുത്തലിനുള്ള രേഖ കേന്ദ്ര നേതൃത്വം തയ്യാറാക്കുന്നത്. പത്ത് വർഷത്തെ ഭരണം മുതിർന്ന നേതാക്കളിലടക്കം പാർലമെന്ററി വ്യാമോഹത്തിന് വഴി വച്ചെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. നേതൃമാറ്റം ചർച്ചയായില്ലെങ്കിലും സംസ്ഥാനത്തിന്റെ അവലോകനം അതേ പടി അംഗീകരിക്കാതെയാണ് പിബി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് രേഖ തയ്യാറാക്കിയത്.

അടുത്തമാസം 11,12,13 തീയതികളിലായി നടക്കുന്ന കേന്ദ്ര കമ്മറ്റിയിൽ ചർച്ച ചെയ്യാനുള്ള തെറ്റ് തിരുത്തൽ രേഖയ്ക്കാണ് ഇന്നലെയും ഇന്നുമായി ചേർന്ന പോളിറ്റ് ബ്യൂറോ അന്തിമ രൂപം നൽകിയത്. പതിനഞ്ച് കൊല്ലത്തിന് ശേഷമാണ് ദേശീയ തലത്തിൽ വീണ്ടും തെറ്റുതിരുത്തൽ രേഖ തയ്യാറാക്കി സംഘടനയെ നവീകരിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം നോക്കുന്നത്. കേരളത്തിലെ കനത്ത തോൽവിക്ക് സംഘടനാ ദൗർബല്യങ്ങൾ കാരണമാണെന്ന് വിലയിരുത്തിയാണ് തെറ്റുതിരുത്തൽ രേഖ വരുന്നത്. മുതിർന്ന നേതാക്കൾ സിപിഎം വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടി വിലയിരുത്തി. കേരളത്തിൽ പത്ത് കൊല്ലത്തെ ഭരണം പാർലമെൻ്ററി വ്യാമോഹം കൂടാൻ ഇടയാക്കിയെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ജി സുധാകരൻ, ടി കെ ​ഗോവിന്ദൻ, ടി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പാർട്ടി വിട്ടതാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും കുടുംബാം​ഗങ്ങൾക്കടക്കം സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ നടത്തിയ നീക്കങ്ങളും തെറ്റുതിരുത്തൽ ചർച്ചയാക്കുന്നതിന് കാരണമാണ്. ​പിണറായിയും ​എം വി ​ഗോവിന്ദനും നേതൃത്വത്തിൽ തുടരുന്നതിൽ പി ബി മുതൽ താഴേ തട്ടുവരെ എതിർപ്പുണ്ടെങ്കിലും നേതൃമാറ്റം ചർച്ചയായില്ല. എന്നാൽ തെര‍ഞ്ഞെടുപ്പ് തോൽവിയിൽ പിണറായിയെയും ​ഗോവിന്ദനെയും വ്യക്തിപരമായി വിമർശിക്കാതെയുള്ള സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് അതേപടി പിബി അം​ഗീകരിച്ചില്ലെന്നാണ് സൂചന. പിബിയിൽ ഉയർന്ന നിർദേശങ്ങൾകൂടി പരി​ഗണിച്ച് തയ്യാറാക്കുന്ന രേഖയാവും കേന്ദ്ര കമ്മിറ്റിയിൽ എത്തുന്നത്. പിണറായിയുടെ അടക്കം നേതൃത്വത്തിനെതിരെ ചോദ്യം ഉയരുമ്പോൾ പാർട്ടി വിട്ടവരുടെ പാർലമെൻ്ററി വ്യാമോഹത്തിലേക്ക് മാത്രം ശ്രദ്ധ മാറ്റുന്നതെന്തിന് എന്ന ചോദ്യവും സിപിഎമ്മിലുയർന്നേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാനൊരു ക‍ർഷകൻ, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരികൃഷിക്ക് ഒരുകോടിയോളം രൂപ സബ്സിഡി വാങ്ങിയതിൽ കേന്ദ്രമന്ത്രി
കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി, കാരണം 6 വർഷത്തെ പ്രേമത്തിലെ പ്രശ്നങ്ങൾ; കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു