ഛത്തീസ്‌ഗഡിലെ ജാഷ്‌പൂരിൽ മരിച്ച് 42 ദിവസങ്ങൾക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആരോഗ്യ വകുപ്പിൽ നിന്ന് രോഗമുക്തി സന്ദേശം എത്തി. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ ഈ ഗുരുതര വീഴ്ചയിൽ കുടുംബം അമർഷം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഡാറ്റ എൻട്രിയിലെ പിഴവാണോ സംഭവത്തിന് കാരണമെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.
ജാഷ്‌പൂർ: മരിച്ച് 42 ദിവസങ്ങൾക്ക് ശേഷം പരേതനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സന്ദേശം എത്തിയത് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ രോഗമുക്തി നേടി ആശുപതി വിട്ടതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് സന്ദേശം വന്നത്. സന്ദേശം ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും വിവരശേഖരണത്തിലും വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് കുടുംബാംഗങ്ങൾ അമർഷം രേഖപ്പെടുത്തി.
ഛത്തീസ്‌ഗഡിലെ ജാഷ്‌പൂർ ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ ദേവ്‌നാരായൺ റാമിൻ്റെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യ ജഷ്‌പൂർ ജില്ലാ ആശുപത്രിയിലെ നഴ്‌സായ സീമ കുജുറിൻ്റെ പക്കലായിരുന്നു ഫോൺ. സർഗുജ ജില്ലയിലെ അംബികപൂർ ജില്ലാ ആശുപത്രിയിൽ ജൂൺ 26നാണ് ദേവ്‌നാരായൺ റാമിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജൂൺ 30 ന് മരണം സംഭവിച്ചു.
സന്ദേശം ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും വിവരശേഖരണത്തിലും വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് കുടുംബം അമർഷം രേഖപ്പെടുത്തി. 'ഇത്തരമൊരു സന്ദേശം കാണുമ്പോൾ ആ കുടുംബത്തിന് എത്രത്തോളം മനോവിഷമമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്രയും വലിയൊരു വീഴ്ച എങ്ങനെ സംഭവിച്ചു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ നിലവാരത്തെക്കുറിച്ച് ഇത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ സാധാരണക്കാരായ ആദിവാസി വിഭാഗങ്ങളുടെ കാര്യത്തിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ഈ വീഴ്ചയ്ക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു,'- വീഡിയോ സന്ദേശത്തിൽ സീമ പ്രതികരിച്ചു.
സംഭവം വൻ വിവാദമായതോടെ സർക്കാർ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി. ഡാറ്റ എൻട്രിയിൽ സംഭവിച്ച സാങ്കേതിക പിഴവാണോ അതോ ആശുപത്രി അധികൃതർ നൽകിയ തെറ്റായ വിവരമാണോ ഇതിന് പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.


