കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവർ തീവ്രവാദികളെന്ന പരാമർശം; കങ്കണയ്ക്കെതിരെ ക്രിമിനൽ കേസ്

By Web TeamFirst Published Sep 28, 2020, 7:18 AM IST
Highlights

 കർണാടക തുംകൂർ ജെഎംഎഫ്സി കോടതിയാണ് കേസെടുത്തത്. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ്  നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

ബം​ഗളൂരു: കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷക സമരത്തെ എതിര്‍ത്തുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ക്രിമിനൽ കേസ്. കർണാടക തുംകൂർ ജെഎംഎഫ്സി കോടതിയാണ് കേസെടുത്തത്. 

കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ്  നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. സമരം നടത്തുന്ന കര്‍ഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്റ്റംബര്‍ 21-നുള്ള കങ്കണയുടെ ട്വീറ്റാണ് പരാതിക്ക് ആധാരം. പൗരത്വനിയമ ഭേദഗതക്കെതിരെ ചിലര്‍ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയതെന്നും ഇതേ ആളുകളാണ് കാര്‍ഷിക ബല്ലിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ തീവ്രവാദികളാണെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. ട്വീറ്റിനെതിരെയുള്ള പരാതി പൊലീസ് സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമേഷ് നായിക് പറഞ്ഞിരുന്നു.  ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് കങ്കണ റണാവത്ത് ചെയ്തതെന്നും രമേഷ് നായിക്ക് കോടതിയെ അറിയിച്ചിരുന്നു.
 

click me!