
ലഖ്നൗ: ഉത്തർ പ്രദേശിൽ മുതലയുടെ ആക്രമണത്തിൽ കാണാതായ യുവാവിനായി തെരച്ചിൽ. സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് മുതല കടിച്ചുവലിച്ചു കൊണ്ടുപോയത്. ഉടൻതന്നെ ബോട്ട് ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന അംഗങ്ങളും തെരച്ചിലിൻ്റെ ഭാഗമാകും.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കാനായി നദീയോരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയിൽ കുളിക്കാനിറങ്ങിയതിനിടെ ആണ് ദീപക്കിന് നേരെ ആക്രമണം ഉണ്ടായത്. കൈയും കാലും കഴുകുന്നതിനിടെ പെട്ടെന്ന് പൊങ്ങിവന്ന മുതല യുവാവിൻ്റെ തലയിൽ കടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു.
കുളിക്കാനിറങ്ങി സെക്കൻഡുകൾക്കകമാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നദിയിൽ ഇറങ്ങരുതെന്ന് ദീപക്കിനോട് നിർദേശിച്ചിരുന്നുവെന്നും എന്നാൽ അത് ചൊവിക്കൊണ്ടില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെ വള്ളക്കാരും ചേർന്ന് ഉടൻതന്നെ യുവാവിനായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ ഭരണകൂട അധികൃതരും സ്ഥലത്തെത്തി. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിശദ പരിശോധനയ്ക്കായി ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ വിഭാഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam