
ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്‍ററിൽ കുട്ടികളോട് ക്രൂരത. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു. ടോയ്‍ലറ്റിലെ ജെറ്റ് സ്പ്രേ ആണ് ഇതിന് ഉപയോഗിച്ചത്. കുട്ടികളെ തല്ലുന്നതും ഇവിടെ പതിവാണ്. ബ്രൂക്ക്ഫീൽഡിലെ ഡേ കെയർ സെന്ററിൽ ആണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. എച്ച്എഎൽ കാമ്പസിലെ കേപ്പ് ജമിനി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടിയെടുത്തു. കേപ്പ് ജമിനിയിലെ അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. അധികൃതരിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടുമെന്നും ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു. അഞ്ച് വനിതാ കെയർ ടേക്കർമാർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ സുരക്ഷിത സ്ഥലമെന്ന് കരുതിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ഇവിടെ ഏൽപ്പിച്ചിരുന്നത്. അവരാണ് ഇത്രയും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തത്. പരാതിക്കാരായ മാതാപിതാക്കളുടെയും ഡേകെയറിലെ മറ്റ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. നിലവിൽ ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാർക്കെതിരെയുള്ള തുടർന്നുള്ള നിയമ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനൊപ്പം സംഭവം നടന്നത് എപ്പോഴാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam