വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ദില്ലിയിൽ പരാതി നൽകി. ഗായകസംഘത്തിന് നിർദേശം നൽകാൻ വിട്ടുപോയതാണെന്ന് സേവാദൾ വിശദീകരണം നൽകുമ്പോൾ, ബിജെപിയും വിഎച്ച്പിയും നിയമനടപടിക്ക് ഒരുങ്ങുകയാണ്.
ദില്ലി: വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിലും പരാതി. ഐപി എസ്‌റ്റേറ്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി. രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. രണ്ട് അഭിഭാഷകരാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ, സോണിയ ഗാന്ധിക്കെതിരെ മംഗലുരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിരുന്നു. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് പരാതി. അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.
അതിനിടെ വന്ദേഭാരതം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്‌തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിൻ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിലായിട്ടുണ്ട്
