ആശ്വാസ വാര്‍ത്ത; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി

By Web TeamFirst Published Sep 16, 2020, 6:39 AM IST
Highlights

പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. രീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. 

ദില്ലി: ഇന്ത്യയിൽ കൊവിഡ് 19 വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നൽകി. അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. 

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയർക്ക് ബാധിച്ച രോഗം വാക്സിന്റെ പാർശ്വഫലമാണെന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അൾട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്. 

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നൽകിയ വിശദീകരണം. 

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്. വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്. 

ചരിത്ര നിമിഷം; യുഎഇയും ബഹ്‌റൈനുമായി സമാധാന കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

click me!