വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് ബഹ്‌റൈനും യുഎഇയുമായി ചരിത്ര കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാര്‍ ഒപ്പിടാനെത്തിയിരുന്നു. അതേസമയം അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാര്‍ ഒപ്പിട്ടത്. സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി. 

ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. തുടർന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ബിന്യമിൻ നെതന്യാഹുവും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഇതോടെ, ഇസ്രായേലുമായി നയതന്ത്രം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം നാലായി. ഈജിപ്തും ജോർഡനുമാണ് നേരത്തെതന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ. ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.

ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ജറുസലമിലെ അഖ്സ മോസ്ക്കിൽ പ്രാർഥനക്കെത്താൻ കരാർ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിൻറെ പാതയിൽനിന്ന് സമാധാനത്തിൻറെ നാളുകളിലേക്കുള്ള തുടക്കമാണ് കരാർ. സമാധാനത്തിലേക്കുള്ള ചരിത്ര ദിനമാണിത്. യുഎഇയുടെയും ബഹ്‌റൈന്‍റെയും പാതയിൽ കൂടുതൽ രാജ്യങ്ങൾ എത്തുമെന്നും അദേഹം പറഞ്ഞു. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

ഇസ്രയേലുമായുള്ള തമ്മിലുള്ള കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ 1972ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രായേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും സാധിക്കും. ഇസ്രായേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.