നിര്‍ഭയ കേസ്: മരണവാറണ്ടിന് സ്റ്റേ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി

Published : Jan 31, 2020, 05:46 PM ISTUpdated : Jan 31, 2020, 06:31 PM IST
നിര്‍ഭയ കേസ്: മരണവാറണ്ടിന് സ്റ്റേ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി

Synopsis

വിനയ് ശര്‍മയെ മാറ്റി നിര്‍ത്തി മറ്റു മൂന്ന് പ്രതികളെ നാളെ തന്നെ തൂക്കിലേറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഘട്ടം ഘട്ടമായി വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ദില്ലി പട്യാല കോടതി വ്യക്തമാക്കി. 

ദില്ലി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നത് അനന്തമായി നീളുന്നു. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റണം എന്നാണ് ചട്ടമെങ്കിലും വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ വധശിക്ഷ നീളുമായിരുന്നു. 

വിനയ് ശര്‍മയെ മാറ്റി നിര്‍ത്തി മറ്റു മൂന്ന് പ്രതികളെ നാളെ തന്നെ തൂക്കിലേറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഘട്ടം ഘട്ടമായി വധശിക്ഷ നടപ്പാക്കാനാവില്ലെന്നും ഒരേ കുറ്റകൃത്യം ഒരുമിച്ച് ചെയ്തവര്‍ക്ക് ശിക്ഷയും ഒരുമിച്ച് നല്‍കേണ്ടതായിട്ടുണ്ടെന്നും ജഡ്‍ജി രാവിലെ അറിയിച്ചിരുന്നു. അല്‍പസമയത്തിനകം കേസില്‍ അന്തിമ ഉത്തരവ് തരുമെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ തുടരണമെന്നും രാവിലെ ജഡ്ജി പറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മാത്രമാണ് വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ നീട്ടിവച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് അവസരമുണ്ട്. 

വധശിക്ഷ റദ്ദാക്കുന്നതിനുള്ള എല്ലാ നിയമപരമായ അവകാശവും വിനിയോഗിച്ച ശേഷമേ മരണവാറന്റ് പുറപ്പെടുവിക്കായെന്നാണ് വിനയ് ശർമ്മയുടെ  ഹർജിയിലെ ആവശ്യം. വിനയ് ശർമ്മയുടെ ദയാ ഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. ദയാഹർജി തള്ളിയാൽ തന്നെ പതിനാല് ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് സുപ്രീം കോടതി മാർഗരേഖയുള്ളത്.അതിനാൽ നാള വധശിക്ഷ നടപ്പാക്കാനിടയില്ല.

തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ഇന്ന് നടത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. പട്യാല ഹൗസ് കോടതി വിധി ഉടനുണ്ടാകും.

കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. 

പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ലെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റൊരു പ്രതി മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്