'സര്‍ബത്ത് ജിഹാദ്' വിവാദം; ബാബാ രാംദേവിനെതിരെ ദില്ലി ഹൈക്കോടതി

Published : May 01, 2025, 10:24 PM ISTUpdated : May 01, 2025, 10:26 PM IST
'സര്‍ബത്ത് ജിഹാദ്' വിവാദം; ബാബാ രാംദേവിനെതിരെ ദില്ലി ഹൈക്കോടതി

Synopsis

ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ 'റൂഹ് അഫ്സ'യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്

ദില്ലി: 'സര്‍ബത്ത് ജിഹാദ്' വിവാദത്തില്‍ ബാബാ രാംദേവിനെതിരേ രൂക്ഷവിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. ബാബാ രാംദേവിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി. കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ച് വിദ്വേഷ പരാമർശം തുടർന്നതോടെയാണ് കോടതി വിമർശനം. ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ 'റൂഹ് അഫ്സ'യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്.

നേരത്തെ ഏപ്രില്‍ 22-നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാബാ രാംദേവിന്റെ പുതിയ വീഡിയോ കോടതിയലക്ഷ്യമാണെന്നായിരുന്നു ദില്ലി ഹൈക്കോടതി ജസ്റ്റിസ് അമിത് ബന്‍സാൽ നിരീക്ഷിച്ചത്. ബാബാ രാംദേവ് ആരുടെയും നിയന്ത്രണത്തിലല്ലെന്നും അദ്ദേഹത്തിന്റെ സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ വിമർശിച്ചത്. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ബാബാ രാംദേവ് സമാന ഉത്പന്നമായ 'റൂഹ് അഫ്സ' സര്‍ബത്തിനെ ലക്ഷ്യമിട്ട് ചില വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് പിന്നീട് വലിയ രീതിയിൽ വിവാദമാകുകയും  ചെയ്തിരുന്നു. ഇതോടെയാണ് റൂഹ് അഫ്സയുടെ ഉത്പാദകരായ ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍(ഇന്ത്യ) കോടതിയെ സമീപിച്ചത്.

നിങ്ങള്‍ ആ സര്‍ബത്ത് കുടിക്കുകയാണെങ്കില്‍ അവര്‍ മദ്രസകളും പള്ളികളും പണിയുമെന്നും പക്ഷേ, നിങ്ങള്‍ ഈ സര്‍ബത്ത് (പതഞ്ജലി റോസ് സര്‍ബത്ത്) കുടിക്കുകയാണെങ്കില്‍ അതുകൊണ്ട് ഗുരുകുലങ്ങള്‍ നിര്‍മിക്കുമെന്നും ആചാര്യകുലം വികസിപ്പിക്കുമെന്നും പതഞ്ജലി സര്‍വകലാശാല വികസിക്കുമെന്നുമായിരുന്നു ബാബാ രാംദേവിന്റെ വിവാദ വീഡിയോയിലെ പരാമർഷം. ലവ് ജിഹാദിനെ പോലെ ഇത് ഒരുതരം സര്‍ബത്ത് ജിഹാദ് ആണെന്നും സര്‍ബത്ത് ജിഹാദില്‍നിന്ന് നിങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഈ സന്ദേശം എല്ലാവരിലേക്കും എത്തണമെന്നും ബാബാ രാംദേവ് വീഡിയോയില്‍ വിശദമാക്കിയിരുന്നു.

ബാബാ രാംദേവിന്റെ വീഡിയോ തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇത് നീക്കംചെയ്യണമെന്നുമായിരുന്നു ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗിയാണ് ഹംദാര്‍ദിന് വേണ്ടി കോടതിയില്‍ ഹാജരായത്. ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ സാമുദായിക ഭിന്നിപ്പുണ്ടാക്കുന്നതാണെന്നാണ് മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വാദിച്ചത്. ബന്ധപ്പെട്ട വീഡിയോകള്‍ എത്രയുംപെട്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നും ഇത്തരം പരാമര്‍ശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

വ്യാഴാഴ്ച വീണ്ടും കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സമാനമായ പുതിയ വീഡിയോ ബാബാ രാംദേവ് പുറത്തിറക്കിയതായി ഹംദാര്‍ദിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ബാബാ രാംദേവിനെതിരേ കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല, 8000 കോടി രൂപ പിഴയീടാക്കി ബാങ്കുകൾ
ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌: ചട്ടം ലംഘിച്ച് സ്വർണം സ്വീകരിച്ചു; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്