
ദില്ലി: ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ കോടതിയെ സമീപിച്ച് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ്. വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് പാട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഐഷി ഘോഷിനെ പാർട്ടി ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിലെത്തിക്കും. ഇന്നലെ എകെജി ഭവനിൽ തങ്ങിയ ഐഷിയെ തേടി രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഐഷി ഘോഷിനെ സിപിഎം ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ശ്രമം തുടരുകയാണ് ദില്ലി പോലീസ്. പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സിപിഎം നേതാക്കൾ പറയുന്നു.
ഐഷി ഘോഷ് എകെജി സെന്ററിലുണ്ടെന്നറിഞ്ഞ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ദില്ലി പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ മഫ്ടിയിലെത്തി അറസ്റ്റിന് ശ്രമിച്ചത്. ആ സമയം ഓഫീസിലുണ്ടായിരുന്ന സിപിഎം നേതാക്കൾ പോലീസിനെ തടഞ്ഞു. തുടർന്ന് പോലീസ് തിരിച്ചുപോയി. 2021 ൽ ദില്ലി ബാംഗ്ല ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പട്യാല ഹൗസ് കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഒരുതവണ ഐഷി ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള പോലീസ് നടപടിയെന്നും ജന്തർ മന്തറിലെ സമരത്തിന്റെ മുഖങ്ങളിലൊന്നായ ഐഷി ഘോഷിനെതിരായ പ്രതികാര നടപടിയാണിതെന്നും സിപിഎം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam