
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഉമറാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്‌റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഡോ. ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരൻ മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി പാകിസ്ഥാൻ എന്നിവിടങ്ങളിൽ പോകാൻ സൗകര്യം ഒരുക്കിയത്. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമാണ്.
സ്ഫോടനത്തിൽ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കം. പ്രതികളുടെ ഉടമസ്ഥതയിൽ കൂടുതൽ കാറുകൾ ഉണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും. പിടിച്ചെടുത്തതിന് പുറമേയുള്ള സ്ഫോടക വസ്തുക്കൾ ഹരിയാനയിൽ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. ദില്ലിയില്‍ സ്ഫോടനത്തിന് 2022 മുതൽ ആസൂത്രണം ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.