
ദില്ലി: ദില്ലി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കം പ്രതികളുടെ ജാമ്യപേക്ഷയിലെ വാദത്തിനിടെ കടുത്ത പരാമർശവുമായി ദില്ലി പൊലീസ്. ദില്ലി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു ചെങ്കോട്ട സ്ഫോടനവും പരാമർശിച്ചു. സർക്കാർ നൽകുന്ന സബ്സിഡി ഉപയോഗിച്ച് പഠിച്ച് ഡോക്ടറുമാരും ആക്ടീവിസ്റ്റുകളുമാകുന്നവർ നേരിട്ട് ആയുധമെടുക്കുന്ന ഭീകരരേക്കാൾ അപകടകാരികൾ ആകുന്നുവെന്നും കേന്ദ്ര സർക്കാർ ആഞ്ഞടിച്ചു.
ജാമ്യപേക്ഷയിൽ ഏഴാം ദിനത്തിലെ വാദത്തിലാണ് പ്രതികളായ ഉമർ ഖാലിദ്, ഷെർജിൽ ഇമാം എന്നിവർക്കെതിരെ കടുത്ത പരാമർശം പൊലീസിനായി ഹാജരായ എഎസ് ജി എസ് വി രാജു ഉന്നയിച്ചത്. പൊലീസ് കണ്ടെത്തിയ തെളിവുകൾക്കൊപ്പം രാഷ്ട്രീയ വാദങ്ങൾ കൂടിയാണ് എഎസ്ജി ഉന്നയിച്ചത്. ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കലാപം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പ്രതികൾ ആസൂത്രണം നടത്തിയത്. ഭരണം അട്ടമറിക്കുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം.
റോഡ് ഗതാഗതം അടക്കം തടസപ്പെടുത്തി നഗരം സ്തംഭിക്കണം എന്ന നിർദ്ദേശം പ്രതികൾ നൽകി. നിലവിലുള്ള ഭരണം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ബുദ്ധിജീവികൾ ഭീകരവാദികളായി മാറുമ്പോൾ അവർ കൂടുതൽ അപകടകാരികൾ ആകുന്നു. ആയുധം എടുത്ത് നേരിട്ട് എത്തുന്ന ഭീകരരേക്കാൾ രാജ്യവിരുദ്ധർ ഇത്തരം ബുദ്ധിജീവികൾ ആണ്. ഇവരാണ് യഥാർത്ഥ ബുദ്ധികേന്ദ്രം. സർക്കാരുകൾ നൽകുന്ന സബ് സിഡിയടക്കം ഉപയോഗിച്ച് പഠിച്ചാണ് ഇവർ ഡോക്ടർമാരും ആക്ടിവിസ്റ്റുകളുമാകുന്നത്. ഇത്തരം ഒരു ആക്രമണമാണ് ചെങ്കോട്ടയിൽ കണ്ടതെന്നും എസ്വി രാജു വാദിച്ചു. ഷർജീൽ ഇമാമിന്റെ പ്രകോപനപരമായ പ്രസംഗം എന്ന് പൊലീസ് ആരോപിക്കുന്ന ദൃശ്യങ്ങളും കോടതിയിൽ പ്രദർശിപ്പിച്ചു. മുസ്ലീം സ്റ്റുഡന്റ് ഓഫ് ജെഎൻയു എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഉമർ ഖാലിദു ഷർജീലും വർഗീയമായി വിദ്യാർത്ഥികളെ തിരിക്കാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. കേസിൽ നാളെയും വാദം തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam