
ദില്ലി: ദില്ലി കലാപത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. കഴിഞ്ഞ തവണ കേസിൽ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തിൽ തന്നെ ഉൾപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ലെന്ന് അഭിഭാഷകനായ സിദ്ധാർഥ് അഗർവാൾ ചൂണ്ടിക്കാട്ടി. ഫോട്ടോയിൽ വ്യക്തത കുറവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത പറഞ്ഞു.
ഷിഫാ ഉർ റഹ്‌മാന് വേണ്ടി മുൻകേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ് ഹാജരായി. ഒരുതെളിവും ഇല്ലാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും വിചാരണ ഇല്ലാതെ 5 വർഷവും 7 മാസവുമായി ജയിലിലാണെന്നും വാദിച്ചു. പ്രതികളുടെ വാദം പൂർത്തിയായാൽ ഇന്ന് ദില്ലി പൊലീസിന്റെ വാദവും നടക്കും.
2020 ഫെബ്രുവരിയിലെ കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തുകയും ചെയ്തു. 2020 മുതൽ ഇവർ ജയിലിലാണ്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ജാമ്യം നൽകാതിരുന്നതോടെയാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് ദില്ലിയിൽ അക്രമമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam