
ദില്ലി: രാജ്യ തലസ്ഥാനത്ത് കോളറ വ്യാപിക്കുന്നതായി റിപ്പോർട്ട്. വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. മലിന ജലവും ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളിലായി ഡസൻ കണക്കിനാളുകൾ രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം 104 വാർഡുകളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 240 പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന കണക്കാണിത്. മലിനജലം ഒഴുക്കിവിടാൻ കൃത്യമായ സംവിധാനമില്ലാത്ത ശുദ്ധജല വിതരണം കൃത്യമായി നടക്കാത്ത പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്.
കോളറ വ്യാപനം രൂക്ഷമായതോടെ ദില്ലി മുനിസിപ്പൽ കോർപറേഷൻ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജലപരിശോധനയും ശുചീകരണവും നടത്തുന്നുണ്ട്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. ജലം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നും കൈകൾ വൃത്തിയായി അടിക്കടി കഴുകണമെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam