
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ദില്ലിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം 11ന് സമര്‍പ്പിച്ചേക്കും. ഇതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങള്‍ എയര്‍ ഇന്ത്യക്കും, ബോയിംഗ് കമ്പനിക്കുമെതിരെ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
അഹമ്മദാബാദ് ദുരന്തം നടന്ന്, 2 ദിവസത്തിന് ശേഷം മറ്റൊരു എയര്‍ ഇന്ത്യ വിമാനം ദുരന്തത്തില്‍ നിന്ന് തെന്നിമാറിയത് തലനാരിഴക്കാണ്. ദില്ലി വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ 14ന് പുലര്‍ച്ചെ 2. 50ന് വിയന്നയിലേക്ക് പോയ ബോയിംഗ് 777 എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം 900 അടി താഴ്ചയിലേക്ക് വരികയായിരുന്നുവെന്നാണ് വിവരം. പെട്ടെന്ന് നിയന്ത്രണം തിരിച്ചുപിടിച്ച് 9 മണിക്കൂറിലേറെ നീണ്ട യാത്രക്ക് ശേഷം വിയന്നയിലിറങ്ങി. പുറപ്പെടുമ്പോള്‍ ഇടിമിന്നലോടു കൂടിയ കാലാവസ്ഥയായിരുന്നു. മോശം കാലാവസ്ഥയാണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
വിമാനത്തിനുള്ളിലെ റെക്കോര്‍ഡറുകളിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കോക്ക് പിറ്റില്‍ വലിയ ശബ്ദം കേട്ടു, വിമാനത്തിന്‍റെ തനത് മുന്നറിയിപ്പുകളും പൈലറ്റുമാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നാണ് വിവരം. എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വ്യോമയാനമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് പൈലറ്റുമാരെയും മാറ്റി നിര്‍ത്തി അന്വേഷണം തുടരുകയാണ്. അതേ സമയം അഹമ്മദാബാദ് ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ 11ന് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നാണ് വിവരം. 5 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, തുടര്‍ അന്വേഷണത്തില്‍ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പരാമര്‍ശമുണ്ടാകും. ഇതിനിടെ എയര്‍ ഇന്ത്യക്കും, ബോയിംഗ് കമ്പനിക്കുമെതിരെ യുകെ പൗരന്മാരുടെ കുംടുംബാംഗങ്ങൾ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കി സ്റ്റോണ്‍ ലോ എന്ന സ്ഥാപനവുമായി ചര്‍ച്ച ചെയ്ത് യുകെ യിലെ കോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം. കൂടുതല്‍ നഷ്ടപരിഹാരമടക്കം ആവശ്യപ്പെടാനിടയുണ്ട്. നിലവില്‍ എയര്‍ ഇന്ത്യയും, ടാറ്റയും ചേര്‍ന്ന് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.