ബിൽക്കിസ് ബാനുവിന് വേണ്ടി സുഭാഷിണി അലിയും മഹുവ മൊയിത്രയും, വാദം കപിൽ സിബൽ; സുപ്രീം കോടതിയിൽ ഇന്ന് നടന്നത്...

By Dhanesh RavindranFirst Published Aug 23, 2022, 9:39 PM IST
Highlights

കോടതി നിർദ്ദേശത്തെയല്ല ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകളെയാണ് ചോദ്യംചെയ്യുന്നതെന്നും സിബൽ

ദില്ലി : ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിൽ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തി. സിപിഎം നേതാവ് സുഭാഷിണി അലി,  മഹുവ മൊയിത്ര എംപി, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹർജി നാളെ കോടതി പരിഗണിച്ചേക്കും ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഹർജിക്കാർക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അപര്‍ണ ഭട്ടും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ഹർജിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്നും അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അഭിഭാഷകരെ അറിയിച്ചു. ഹര്‍ജി നാളെ പരിഗണനക്ക് വന്നേക്കുമെന്നാണ് വിവരം. .ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ നേരത്തെ  സുപ്രീം കോടതിയെ സമീപിച്ചിരുന്നുജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ശിക്ഷ ഇളവ് നല്‍കിയത് എന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കോടതി നിർദ്ദേശത്തെയല്ല ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകളെയാണ് ചോദ്യംചെയ്യുന്നതെന്നും സിബൽ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സർക്കാർ നി‌‌‌യോഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുക‌യായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്ന് ഇവർ മോചിതരായത്.

1992 ലെ ഗുജറാത്ത് സർക്കാർ ഉത്തരവ് അനുസരിച്ച് പതിനാല് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയ്ക്കാൻ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ 2014 പുതുക്കിയ ഉത്തരവ് പ്രകാരം ബലാത്സംഗം, കൊലപാതകം അടക്കം കേസുകളിൽ പെട്ടവർക്ക് ഈ പരിഗണന ലഭിക്കില്ല. എന്നാൽ ബിൽക്കിസ് ഭാനു കേസിൽ ശിക്ഷ വിധി 2008 ലാണുണ്ടായത്. അതിനാൽ അന്ന് ബാധകമാകുന്നത്  1992 ലെ ഉത്തരവാണെന്ന് കാട്ടിയാണ്  സർക്കാർ ഇവരെ മോചിപ്പിച്ചത്. ഏതായാലും ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയിലെ നിയമവശങ്ങളാകും സുപ്രീംകോടതി  പരിഗണിക്കുക.

Read More : ബിൽക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

click me!