'ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിച്ചത് തെറ്റ്, ന്യായീകരണമില്ല'; രൂക്ഷ വിമര്‍ശനവുമായി ഫഡ്നവിസ്

Published : Aug 24, 2022, 09:15 AM IST
'ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിച്ചത് തെറ്റ്, ന്യായീകരണമില്ല'; രൂക്ഷ വിമര്‍ശനവുമായി ഫഡ്നവിസ്

Synopsis

“കുറ്റാരോപിതൻ കുറ്റാരോപിതനാണ്, അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല,” ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു

മുംബൈ: ബിൽക്കീസ് ​​ബാനുവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർക്ക് ജയിൽ മോചിതരായ ശേഷം നൽകിയ ഉജ്ജ്വല സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഗുജറാത്ത് സർക്കാർ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സ്വാതന്ത്ര്യ ദിനത്തിൽ വിട്ടയച്ചു. ഒരു സംഘം അവരെ മധുരപലഹാരങ്ങളും മാലകളും നൽകി സ്വാഗതം ചെയ്യുന്നതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഭാദ്രയിൽ 35 കാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തെ കുറിച്ച് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ നടന്ന ചര്‍ച്ചയിലാണ് ഫഡ്നവിസിന്റെ പ്രതികരണം.

“കുറ്റാരോപിതൻ കുറ്റാരോപിതനാണ്, അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല,” ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. "2002-ലെ ഗുജറാത്തിലെ ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ കോടതി ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ കുറ്റാരോപിതനായ ഒരാളെ അഭിനന്ദിക്കുന്നത് തെറ്റാണ്, അത്തരമൊരു പ്രവൃത്തിക്ക് ന്യായീകരണമില്ല" ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. 2002 മാർച്ചിൽ, ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു ഗുജറാത്തിലെ ദാഹോദിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു.  ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ബിൽക്കിസ് ബാനുവിനായി സുപ്രീംകോടതയിൽ  സുഭാഷിണി അലിയും മഹുവ മൊയിത്രയും, വാദം കപിൽ സിബൽ

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിൽ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് സിപിഎം നേതാവ് സുഭാഷിണി അലി,  മഹുവ മൊയിത്ര എംപി, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവര്‍. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഹർജിക്കാർക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അപര്‍ണ ഭട്ടും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ഹർജിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്നും അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അഭിഭാഷകരെ അറിയിച്ചു. ഹര്‍ജി നാളെ പരിഗണനക്ക് വന്നേക്കുമെന്നാണ് വിവരം. .ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ നേരത്തെ  സുപ്രീം കോടതിയെ സമീപിച്ചിരുന്നുജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ശിക്ഷ ഇളവ് നല്‍കിയത് എന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കോടതി നിർദ്ദേശത്തെയല്ല ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകളെയാണ് ചോദ്യംചെയ്യുന്നതെന്നും സിബൽ അറിയിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സർക്കാർ നി‌‌‌യോഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുക‌യായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്ന് ഇവർ മോചിതരായത്.

1992 ലെ ഗുജറാത്ത് സർക്കാർ ഉത്തരവ് അനുസരിച്ച് പതിനാല് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയ്ക്കാൻ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ 2014 പുതുക്കിയ ഉത്തരവ് പ്രകാരം ബലാത്സംഗം, കൊലപാതകം അടക്കം കേസുകളിൽ പെട്ടവർക്ക് ഈ പരിഗണന ലഭിക്കില്ല. എന്നാൽ ബിൽക്കിസ് ഭാനു കേസിൽ ശിക്ഷ വിധി 2008 ലാണുണ്ടായത്. അതിനാൽ അന്ന് ബാധകമാകുന്നത്  1992 ലെ ഉത്തരവാണെന്ന് കാട്ടിയാണ്  സർക്കാർ ഇവരെ മോചിപ്പിച്ചത്. ഏതായാലും ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിയിലെ നിയമവശങ്ങളാകും സുപ്രീംകോടതി  പരിഗണിക്കുക.

Read More : 'ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരൂ': തന്നെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കിസ് ബാനു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം
ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും