Asianet News MalayalamAsianet News Malayalam

'ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരൂ': തന്നെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കിസ് ബാനു

കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെയാണ് ജയിലിൽ നിന്ന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ​ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്

Let me live without fear Bilkkis Banu demands Gujarat govt to sent all 11 convicts back to jail
Author
Ahmedabad, First Published Aug 17, 2022, 9:49 PM IST

ദില്ലി: ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടിയിൽ നടുക്കം രേഖപ്പെടുത്തി ബിൽകിസ് ബാനു. നീതിന്യായ വ്യവസ്ഥയിലുള്ള തന്‍റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞെന്ന് ബിൽകിസ് ബാനു പ്രസ്താവനയിൽ പറഞ്ഞു. തീരുമാനം ഗുജറാത്ത് സർക്കാർ പിൻവലിക്കണം. തനിക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഇല്ലാതാക്കുന്നതാണ് സർക്കാർ തീരുമാനം. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്ക തോന്നുകയാണെന്നും ബിൽകിസ് ബാനു പറഞ്ഞു. 

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ സ്വാതന്ത്ര്യ ദിനത്തിലാണ് സർക്കാർ ജയിൽ മോചിതരാക്കിയത്. 15 വർഷം ജയിൽവാസം പൂർത്തിയാക്കിയത് പരിഗണിച്ചാണ് ഇളവ് നൽകിയത്. ബിൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസുള്ള മകളടക്കം 7 കുടുംബാംഗങ്ങളെ ബാനുവിന്‍റെ കൺമുന്നിലിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 

ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്. 2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജയിലിലേക്ക് അയച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. തുടർന്നാണ് 11 കുറ്റവാളികളെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ​ഗുജറാത്ത് സർക്കാർ നി‌‌‌യോ​ഗിച്ചിരുന്നു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയക്കാമെന്ന് ഈ സമിതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും തിങ്കളാഴ്ച 11 പേരും മോചിതരായത്.

Follow Us:
Download App:
  • android
  • ios