
കാങ്കർ: ശവസംസ്കാരത്തെ ചൊല്ലിയുള്ള തർക്കം കലാപ സ്വഭാവം കൈവരിച്ചതോടെ ഛത്തീസ്‌ഗഡിലെ ബസ്‌തറിൽ സംഘർഷാവസ്ഥ. ബസ്‌തർ മേഖലയിലെ കാങ്കർ ജില്ലയിൽ ഉൾപ്പെടുന്ന ബഡെറ്റെവ്‌ഡ ഗ്രാമത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. മതപരിവർത്തനം നടത്തിയ സർപഞ്ച് രാജ്‌മാൻ സലാം, തൻ്റെ വിശ്വാസപ്രകാരം മരിച്ചുപോയ 70 വയസുകാരനായ തൻ്റെ പിതാവിൻ്റെ സംസ്‌കാരം നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
പിതാവ് ക്രിസ്ത്യാനിയല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ക്രിസ്ത്യൻ രീതിയിൽ സംസ്കാരം നടത്തരുതെന്ന് നാട്ടുകാർ രാജ്‌മാൻ സലാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ഇദ്ദേഹം എതിർത്തു. പിതാവിൻ്റെ മൃതദേഹം തങ്ങൾ സംസ്കരിക്കുമെന്നും രാജ്മാൻ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നും നാട്ടുകാരും നിലപാടെടുത്തുവെന്നാണ് വിവരം. എന്നാൽ തൻ്റെ വീടിനോട് ചേർന്ന് തൻ്റെ ഭൂമിയിൽ തന്നെ രാജ്‌മാൻ സലാം ക്രൈസ്‌തവ രീതിയിൽ മൃതദേഹം സംസ്‌കരിച്ചു. ഇതോടെ കുപിതരായ നാട്ടുകാർ സംഘടിച്ച് അക്രമം അഴിച്ചുവിട്ടുവെന്നാണ് വിവരം.
മൃതദേഹം പുറത്തെടുത്ത്, മരിച്ചയാളുടെ മതപരമായ രീതിയിൽ തന്നെ സംസ്‌കരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനോട് രാജ്‌മാൻ സലാം ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. ഇതോടെയാണ് ഡിസംബർ 16, 17 തീയ്യതികളിൽ വലിയ തോതിൽ സംഘർഷാവസ്ഥ തുടങ്ങിയത്. ഇന്നലെ ആയുധധാരികളായ സംഘം ഗ്രാമത്തിലേക്ക് പ്രവേശിച്ചതോടെ സംഘർഷം രൂക്ഷമായി. പ്രദേശത്തെ ക്രൈസ്‌തവരുടെ ആരാധനാലയം ജനക്കൂട്ടം തകർത്തെന്നും ആരോപണമുണ്ട്. സംഘർഷത്തിൽ ഇതുവരെ 20 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബസ്തറിൽ മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് തർക്കം പതിവാണ്. ജനുവരിയിൽ പിതാവിൻ്റെ സംസ്‌കാരം ക്രിസ്ത്യൻ രീതിയിൽ നടത്താൻ ശ്മശാനത്തിലോ സ്വകാര്യ ഭൂമിയിലോ സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയെങ്കിലും സംസ്ഥാനത്തെമ്പാടും ക്രിസ്ത്യാനികളുടെ സംസ്‌കാര ചടങ്ങിനായി പ്രത്യേക ശ്‌മശാനങ്ങൾ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ഒടുവിൽ സ്വന്തം പ്രദേശത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam