
ചെന്നൈ: അവധിക്ക് നാട്ടിലെത്തിയ ജവാനെ കൊലപ്പെടുത്തിയ കേസിൽ കൗൺസിലറടക്കമുള്ളവർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പട്ടാളക്കാരനായ പ്രഭു എന്ന യുവാവാണ് മരിച്ചത്. കേസിൽ നഗോജനഹള്ളി ടൗൺ പഞ്ചായത്ത് മെംബറും ഡി എം കെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമിയടക്കമുള്ളവരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് വാട്ടർ ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പഞ്ചായത്ത് വാട്ടർ ടാങ്കിന് മുന്നിൽ നടന്ന തർക്കത്തിന് ശേഷം കൂട്ടാളികളുമായെത്തിയ ചിന്നസ്വാമി, പ്രഭുവിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൗൺസിലർ ചിന്നസ്വാമിക്കൊപ്പം ആംഡ് റിസർവ് പൊലീസിൽ കോൺസ്റ്റബിളായ ഗുരു സത്യമൂർത്തി എന്നയാളടക്കമുള്ള അഞ്ച് പേർ കൂടിയാണ് കേസിൽ അറസ്റ്റിലായത്.
അതേസമയം ജവാന്റെ കൊലപാതകം തമിഴ്നാട്ടിലും പുറത്തും വലിയ ചർച്ചയായി പിന്നീട് മാറി. ജവാന്‍റെ കൊലപാതകം മറക്കാനും പൊറുക്കാനുമാകില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ അഭിപ്രായപ്പെട്ടു. ശത്രുക്കളാലല്ല, ഡി എം കെ പാർട്ടിയിലെ ഗുണ്ടയുടെയും സംഘത്തിന്റെയും ആക്രമണത്തിലാണ് ജവാൻ കൊല്ലപ്പെട്ടതെന്നുമാണ് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തത്. സംഭവത്തിൽ ഡി എം കെ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ സൈനികർക്ക് അർഹമായ ബഹുമാനം നൽകുന്നില്ലെന്നും അവരെ അന്യഗ്രഹജീവികളായി കാണുന്നുവെന്നുമാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ ചൂണ്ടികാട്ടിയത്. 'ഒരു തമിഴൻ എന്ന നിലയിലും, ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, നമ്മുടെ രാജ്യത്തെ സേവിക്കുന്ന ഒരാളെ കൊലപ്പെടുത്തിയതിൽ ഞാൻ ലജ്ജയോടെ തല കുനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.