
ചെന്നൈ: തമിഴ്നാട്ടിലെ ഗവർണ്ണർ സർക്കാർ പോര് മൂർച്ഛിക്കുന്നു. മന്ത്രിമാരടങ്ങുന്ന അഞ്ചംഗ ഡിഎംകെ സംഘം രാഷ്ട്രപതിയെ കാണും. ഗവർണ്ണറെ തിരികെ വിളിക്കണമെന്നാണ് ആവശ്യപ്പെടാനാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്നത്. സഭാതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് ശേഷം ഗവർണർ സർക്കാർ പോര് കടുക്കുകയാണ്. ഇന്നലെ ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. ഡിഎംകെയും വിസികെയും രാജ്ഭവന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. കോയമ്പത്തൂരിലും പുതുക്കോട്ടയിലും ഡിഎംകെ, സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ചും ഗവർണർക്കെതിരായ പ്രതിഷേധ നീക്കം നടക്കുന്നു. ഗവർണർ തമിഴ്നാടിനെ അപമാനിച്ചു എന്ന വികാരം ഉണർത്തി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് ഭരണസഖ്യത്തിന്‍റെ തീരുമാനം.
അതേസമയം പൊങ്കൽ വിരുന്നിന്‍റെ ക്ഷണക്കത്തിൽ തമിഴക ഗവർണർ എന്ന് സ്വയം വിശേഷിരപ്പിച്ച് ഗവർണറും വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നൽകി. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണം എന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്‍റെ മുദ്രയും രാജ്ഭവൻ വച്ചിട്ടില്ല. ഗവർണർ കീഴ്വഴക്കം ലംഘിച്ചെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസനും ഗവർണർ രാജി വയ്ക്കണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും ആവശ്യപ്പെട്ടു. അതേസമയം ഗവർണറെ പിന്തുണച്ചുകൊണ്ട് ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam